LiveTV

Live

Kerala

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം

ബാര്‍ട്ടണ്‍ ഹില്ലില്‍ അനില്‍ എന്ന യുവാവിനെ വെട്ടിക്കൊന്നു.

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. ബാര്‍ട്ടണ്‍ ഹില്ലില്‍ അനില്‍ എന്ന യുവാവിനെ വെട്ടിക്കൊന്നു. കുപ്രസിദ്ധ ഗുണ്ടാ ജീവന്‍ എന്നയാളാണ് കൊലക്ക് പിന്നിലെന്നും ഇയാള്‍ക്കായി തെരച്ചില്‍ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. ഈ മാസം നാലാമത്തെ കൊലപാതകമാണ് തിരുവനന്തപുരത്ത് നടക്കുന്നത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് ബാർട്ടൻ ഹിൽ കോളനി നിവാസിയായ അനിൽ എസ്.പിയെ വെട്ടിക്കൊലപ്പെടുത്തിയത്. അനിലിനെ ക്രൂരമായി വെട്ടിപ്പരിക്കേല്പിച്ച ശേഷം പ്രതിയായ ജീവൻ കടന്നുകളയുകയായിരുന്നു. രക്തം വാർന്ന് റോഡിൽ കിടന്ന അനിലിനെ മ്യൂസിയം പൊലീസ് എത്തി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും തലയിലും ശരീരത്തിലും ഏറ്റ മാരക മുറിവുകൾ കാരണം ജീവൻ രക്ഷിക്കാനായില്ല. കൊല്ലപ്പെട്ട അനിലിനെതിരെ ആറോളം കേസുകളുണ്ട്. പ്രതിയായ ജീവൻ മുൻപ് രണ്ടുതവണ കാപ്പ നിയമപ്രകാരം തടവുശിക്ഷ അനുഭവിച്ച ആളാണ്. കൊല്ലപ്പെട്ട അനിൽ ഒന്നര വർഷം മുൻപ് പ്രതിയായ ജീവന്റെ വീട് കയറി ആക്രമണം നടത്തിയിരുന്നു. അനിലിന്റെ മർദ്ദനത്തിൽ ജീവന്റെ അച്ഛനും സഹോദരിക്കും പരിക്ക് പറ്റി. ഈ സംഭവത്തോടെ ഇരുവരും ശത്രുതയിലാകുകയായിരുന്നു. ഈ പകയാണ് അനിലിനെ കൊലപ്പെടുത്താൻ ജീവന് പ്രേരണയായത് .

സിറ്റി പൊലീസിന്റെ സാമൂഹ്യവിരുദ്ധരെ പിടികൂടുന്ന പ്രത്യേക ഡ്രൈവിന്റെ ഭാഗമായി ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജീവനെ പൊലീസ് പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു. ശനിയാഴ്ചയാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ ജീവന് വേണ്ടി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഈമാസം ഗൂണ്ടാ മയക്കുമരുന്ന് സംഘങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന നാലാമത്തെ ആളാണ് അനില്‍. ചിറയിന്‍കീഴ് സ്വദേശി വിഷ്ണു, കരമന സ്വദേശി അനന്തു, ശ്രീവരാഹം സ്വദേശി ശ്യാം എന്നിവരാണ് നേരത്തെ കൊല്ലപ്പെട്ടത്.