LiveTV

Live

Kerala

ഇന്ന് 11 പേര്‍ക്ക് സൂര്യാതപമേറ്റു; മുന്നറിയിപ്പ് വ്യാഴാഴ്ച വരെ നീട്ടി

ജാഗ്രതാ നിര്‍ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

ഇന്ന് 11 പേര്‍ക്ക് സൂര്യാതപമേറ്റു; മുന്നറിയിപ്പ് വ്യാഴാഴ്ച വരെ നീട്ടി

സംസ്ഥാനത്ത് ചൂട് കനക്കുന്നു. പാലക്കാട്, കൊല്ലം, ഇടുക്കി ജില്ലകളില്‍ നിന്നായി 11 പേര്‍ക്ക് ഇന്ന് സൂര്യാതപമേറ്റു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂര്യാതപ മുന്നറിയിപ്പ് വ്യാഴാഴ്ച വരെ നീട്ടി. ജാഗ്രതാ നിര്‍ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു.

എൽനിനോ പ്രതിഭാസവും മഴക്കുറവും സംസ്ഥാനത്തെ ചുട്ട് പൊള്ളിക്കുകയാണ്. പാലക്കാട് രേഖപ്പെടുത്തിയ താപനില 41‌ ഡിഗ്രി സെൽഷ്യസ്. രണ്ടാം തവണയാണ് പാലക്കാട് ഉയർന്ന താപനില 41 ഡിഗ്രിയിൽ എത്തുന്നത്. ആറ് പേര്‍ക്കാണ് ഇന്ന് ജില്ലയില്‍ സൂര്യാതപമേറ്റത്. കൊല്ലം ജില്ലയിൽ നാല് പേർക്ക് സൂര്യാതപമേറ്റു. ഭരണിക്കാവ് സ്വദേശി സച്ചിൻ, പുനലൂർ സ്വദേശി വിജയൻ, കണ്ടച്ചിറ സ്വദേശി സീബത്ത്, പ്രാക്കുളം സ്വദേശി ഷീജ എന്നിവർക്കാണ് സൂര്യാതപമേറ്റത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാല് ദിവസത്തേക്ക് കൂടി സംസ്ഥാനത്ത് സൂര്യാതപ മുന്നറിയിപ്പ് നീട്ടി.

സൂര്യാതപ മുന്നറിയിപ്പ് അവഗണിച്ച് തൊഴിലാളികളെ പണിയെടുപ്പിച്ച സംഭവത്തില്‍ എറണാകുളം ജില്ലയില്‍ ആറിടത്ത് തൊഴില്‍ വകുപ്പ് നടപടിയെടുത്തു. നഗരത്തിലെ വിവിധ കെട്ടിട നിർമാണ സ്ഥലങ്ങളിൽ തൊഴിൽ വകുപ്പ് നടത്തിയ പരിശോധനയിലാണ് തൊഴിലാളികളെക്കൊണ്ട് അനധികൃതമായി ജോലി ചെയ്യിക്കുന്നതായി കണ്ടെത്തിയത്. നടപടിയുടെ ഭാഗമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെപ്പിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.