LiveTV

Live

Kerala

ശബരിമലയില്‍ സര്‍ക്കാരിന് തിരിച്ചടി; റിട്ട് ഹരജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി

നിരീക്ഷണ സമതിയോട് എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി.

 ശബരിമലയില്‍ സര്‍ക്കാരിന് തിരിച്ചടി; റിട്ട് ഹരജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി

ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹരജികള്‍ ഹൈക്കോടതിയില്‍ നിന്ന് സുപ്രിം കോടതിയിലേക്ക് മാറ്റണം എന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. നിരീക്ഷണ സമതിയോട് എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രിം കോടതി വ്യക്തമാക്കി. പമ്പയിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ചാര്‍ജ്ജ് വര്‍ധന ചോദ്യം ചെയ്ത ഹിന്ദു ഐക്യവേദിയുടെ ഹരജി അസംബന്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

മണ്ഡലകാലത്തെ നിരോധനാ‍ജ്ഞയും നിയന്ത്രണങ്ങളും ചോദ്യം ചെയ്തും യുവതീ പ്രവേശത്തെ എതിര്‍ത്തും കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹരജികള്‍ സുപ്രിം കോടതിയിലേക്ക് മാറ്റണമെന്നായിരുന്നു സര്‍ക്കാരിന്റെ ഹരജി. ഇതിന്റെ ആവശ്യമെന്തന്ന് സുപ്രിം കോടതി ചോദിച്ചു. ഹരജി അനുവദിക്കാനാകില്ലെന്നും വ്യക്തമാക്കി. ഇതോടെ ഈ ഹരജി സര്‍ക്കാര്‍ പിന്‍വലിച്ചു. ഹൈക്കോടതി ദേവസ്വം ബഞ്ച് ശബരിമയലയില്‍ നിരീക്ഷണ സമതിയെ ചുമതലപ്പെടുത്തിയതിനെയും സര്‍ക്കാര്‍ ചോദ്യം ചെയ്തിരുന്നു. ഇതും സുപ്രിം കോടതി മുഖവിലക്കെടുത്തില്ല. സംസ്ഥാന സര്‍ക്കാരിന് ആവിശ്യമെങ്കില്‍ ഇക്കാര്യത്തില്‍‌ ഹൈക്കോടതിയെ സമീപിക്കാമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് പറഞ്ഞു. വിധി സര്‍ക്കാരിന് തിരിച്ചടി അല്ലെന്ന് ദേവസ്വം മന്ത്രി പ്രതികരിച്ചു.

മണ്ഡലകാല സമയത്ത് നിലയ്ക്കല്‍-പമ്പ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി അധികചാര്‍ജ് ഈടാക്കിയതും ബസ് സര്‍വീസ് ദീര്‍ഘിപ്പിക്കാത്തതും ചോദ്യം ചെയ്ത് ഹിന്ദു ഐക്യവേദി നേതാവ് ആര്‍.വി. ബാബു നേതാവ് സമര്‍പ്പിച്ച ഹരജി അസംബന്ധമാണെന്ന് സുപ്രിം കോടതി പറഞ്ഞു. മലമുകളിലേക്ക് വാഹനം കയറ്റണം എന്നാണോ ആവശ്യം എന്ന് ചോദിച്ച കോടതി ഹരജി തള്ളി.