LiveTV

Live

Kerala

പള്ളി തര്‍ക്കത്തില്‍ നീതി ലഭിച്ചില്ല, തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ

അനുകൂലമായ കോടതി വിധിയുണ്ടായിട്ടും അത് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ സഭയുടെ സുന്നഹദോസ് - മാനേജിങ് കമ്മിറ്റിയില്‍ അംഗങ്ങള്‍ പ്രതിഷേധം അറിയിച്ചു.

പള്ളി തര്‍ക്കത്തില്‍ നീതി ലഭിച്ചില്ല, തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഓര്‍ത്തഡോക്സ് സഭ

മലങ്കരസഭാ പള്ളി തര്‍ക്കത്തില്‍ നീതി ലഭിച്ചില്ലെന്ന് ഓര്‍ത്തഡോക്സ് സഭ. ലോക്സഭ തെരഞ്ഞെടുപ്പില്‍ സഭാ വിശ്വാസികളുടെ വികാരം പ്രതിഫലിക്കും. സഭക്കനുകൂലമായ കോടതി വിധി നടപ്പിലാക്കാത്തതില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവാനും ആലുവയില്‍ ചേര്‍ന്ന സുന്നഹദോസ് - മാനേജ്മെന്റ് കമ്മിറ്റി സംയുക്ത യോഗം തീരുമാനിച്ചു.

സഭാ തര്‍ക്കത്തില്‍ കോടതി വിധികള്‍ നടപ്പിലാക്കാത്തതില്‍ ശക്തമായ പ്രതിഷേധമാണ് ഓര്‍ത്തഡോക്സ് സഭക്കുള്ളത്. സുപ്രീംകോടതി വിധി നടപ്പിലാക്കുക എന്നതല്ലാതെ യാതൊരു ഒത്തുതീര്‍പ്പുകള്‍ക്കും സഭ തയാറല്ല. വരുന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ടുചെയ്യണമെന്ന് സഭ പ്രഖ്യാപിക്കില്ല. അതേസമയം സഭക്കുണ്ടായ നീതി നിഷേധത്തെക്കുറിച്ച് ബോധ്യമുള്ള സഭാ വിശ്വാസികള്‍ ഉചിതമായ തീരുമാനമെടുക്കാന്‍ പ്രാപ്തരാണെന്നും സഭാ നേതൃത്വം പ്രതികരിച്ചു.

സഭാ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രിസഭ ഉപസമിതി വിളിച്ച് ചേര്‍ത്ത യോഗം ബഹിഷ്കരിക്കുന്ന നിലപാടായിരുന്നു ഓര്‍ത്തഡോക്സ് സഭ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കോടതി വിധി നടപ്പിലാക്കിയെടുക്കാനുള്ള നീക്കമായിരിക്കും സഭാ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുക.