LiveTV

Live

Kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു: ഇന്ന് മൂന്ന് പേര്‍ മരിച്ചത് സൂര്യാതപമേറ്റെന്ന് പ്രാഥമിക നിഗമനം 

ഒരു മാസത്തിനിടെ 118 പേർക്ക് സൂര്യാതപമേറ്റതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സൂര്യാതപമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 10 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

 സംസ്ഥാനത്ത് ചൂട് കൂടുന്നു: ഇന്ന് മൂന്ന് പേര്‍  മരിച്ചത് സൂര്യാതപമേറ്റെന്ന് പ്രാഥമിക നിഗമനം 

സംസ്ഥാനത്ത് വേനല്‍ കടുക്കുന്നു. തിരുവനന്തപുരത്തും കണ്ണൂരും പത്തനംതിട്ടയിലുമായി മൂന്ന് പേര്‍ കുഴഞ്ഞുവീണ് മരിച്ചു . സൂര്യാതപമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒരു മാസത്തിനിടെ 118 പേർക്ക് സൂര്യാതപമേറ്റതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. സൂര്യാതപമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് 10 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

തിരുവനന്തപുരം പാറശ്ശാല അയിര സ്വദേശി കരുണാകരൻ, കണ്ണൂർ മാതമംഗലം വെള്ളോറ കാടൻവീട്ടിൽ നായണൻ, പത്തനംതിട്ട കോഴഞ്ചേരി സ്വദേശി ഷാജഹാൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് പേരുടെയും മൃതദേഹങ്ങളിൽ പൊള്ളലേറ്റ പാടുകളുണ്ടായിരുന്നു. എന്നാല്‍ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മൂന്ന് മരണങ്ങളുടെയും കാരണം സൂര്യാതപമാണെന്ന് സ്ഥിരീകരിക്കാനാകൂ. കൊല്ലം പുനലൂരില്‍ രണ്ട് പേർക്ക് സൂര്യാതപമേറ്റു. തെന്മല സ്വദേശി നാസർഖാൻ, മണിയാർ സ്വദേശി അഖിൽ എന്നിവർക്കാണ് സൂര്യാതപമേറ്റത്. നെഞ്ചിലും പുറത്തും വയറിലും പൊള്ളലേറ്റു. പാലക്കാട് കൊല്ലംകോട് സൂര്യാതപമേറ്റ് പശു ചത്തു.

ഒരു മാസത്തിനിടെ സംസ്ഥാനത്ത് 118 പേർക്ക് സൂര്യാതപമേറ്റതായി ആരോഗ്യ വകുപ്പിന്റെ കണക്കിൽ പറയുന്നു. പത്തനംതിട്ടയില്‍ 35 പേർക്ക് സൂര്യാതപമേറ്റു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ അടുത്ത രണ്ട് ദിവസത്തേക്ക് ഉയർന്ന താപനില ശരാശരിയിൽ നിന്ന് നാല് ഡിഗ്രി വരെ ഉയരുമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 10 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം തുടരുകയാണ്. രാവിലെ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.