ടി.സിദ്ദീഖ് പിന്മാറുന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ മുസ്ലിം പ്രാതിനിധ്യത്തിലും വന്‍ ഇടിവുണ്ടാകും
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ ജയസാധ്യതയുള്ള സീറ്റ് കൂടിയാണ് സമുദായത്തിന് നഷ്ടമാവുന്നത്.

രാഹുല്‍ ഗാന്ധിക്കായി ടി.സിദ്ദീഖ് പിന്മാറുന്നതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയിലെ മുസ്ലിം പ്രാതിനിധ്യത്തിലും വന്‍ ഇടിവുണ്ടാകും. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ രണ്ട് സീറ്റിലായിരുന്നു മുസ്ലിം പ്രാധിനിധ്യമുണ്ടായിരുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമ്പോള്‍ ജയസാധ്യതയുള്ള സീറ്റ് കൂടിയാണ് സമുദായത്തിന് നഷ്ടമാവുന്നത്. 26 ശതമാനത്തിലധികം ജനസംഖ്യയുള്ള മുസ്ലിം സമൂഹത്തിന് സ്ഥാനാര്‍ഥി പട്ടികയില്‍ അതിന് അനുസരിച്ച പങ്കാളിത്വം ലഭിക്കുന്നില്ലെന്ന വിമര്‍ശനം ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്.
ഇത്തവണ യു.ഡി.എഫ് നാല് സീറ്റുകളിലാണ് മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്. മുസ്ലിം ലീഗ് മത്സരിക്കുന്ന രണ്ട് സീറ്റുകളും കോണ്‍ഗ്രസ് മത്സരിക്കുന്ന വയനാട്,ആലപ്പുഴയുമായിരുന്നു ഈ നാല് സീറ്റുകള്‍. കോണ്‍ഗ്രസ് മുസ്ലിം പ്രാതിനിധ്യമായി നല്കിയ രണ്ടില്‍ വിജയം ഉറപ്പുള്ള സീറ്റാണ് രാഹുല്‍ ഗാന്ധിക്കായി ഇപ്പോള്‍ മാറ്റിവെയ്ക്കപ്പെട്ടത്. അതായത് ടി.സിദ്ദീഖിന്റെ പിന്മാറ്റത്തോടെ യു.ഡി.എഫ് സ്ഥാനാര്‍ഥി പട്ടികയില്‍ മുസ്ലിം പ്രാതിനിധ്യം മൂന്നായി കുറഞ്ഞു. ഇതില്‍ തന്നെ ആലപ്പുഴ വിജയം ഉറപ്പുള്ള സീറ്റായി പരിഗണിക്കാനാവില്ലെന്നതാണ് വസ്തുത.
അതേസമയം 18 ശതമാനത്തോളമുള്ള ക്രിസ്ത്യന്‍ ജനവിഭാഗത്തിന് യു.ഡി.എഫ് അഞ്ച് സീറ്റുകള്‍ നല്‍കിയിട്ടുണ്ട്. മറ്റ് സമുദായങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും ജനസംഖ്യാ ആനുപാതികമായ പ്രധിനിത്യം മുസ്ലിം വിഭാഗത്തിന് ലഭിക്കുന്നില്ലെന്നായെന്നതാണ് വസ്തുത. ഇത്തരത്തില്‍ കാലങ്ങളായി അവഗണന തുടരുന്നുവെന്നാണ് മുസ്ലിം സംഘടനകളുടെ നിലപാട്. അതിനിടയിലാണ് വിജയം ഉറപ്പുള്ള ഒരു സീറ്റ് കൂടി സമുദായത്തിന് നഷ്ടമാകുന്നത്. ഇതിലുള്ള അതൃപ്തി അടങ്ങുന്ന സന്ദേശം ചില മുസ്ലിം ഗ്രൂപ്പുകള്‍ രാഹുല്‍ ഗാന്ധിക്ക് തന്നെ അയക്കുകയും ചെയ്തു.