LiveTV

Live

Kerala

കുരങ്ങുപനി ബാധിച്ച് ആദിവാസി യുവാവ് മരിച്ചു

കഴിഞ്ഞ 10 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുരങ്ങുപനി ബാധിച്ച് ആദിവാസി യുവാവ് മരിച്ചു

വയനാട്ടിൽ കുരങ്ങുപനി ബാധിച്ച് ആദിവാസി യുവാവ് മരിച്ചു. തിരുനെല്ലി ബേഗൂർ കോളനിയിലെ സുന്ദരനാണ് മരിച്ചത്. കഴിഞ്ഞ 10 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശം.

തിരുനെല്ലി അപ്പപ്പാറ ബേഗൂർ കോളനിയിലെ സുന്ദരന് കഴിഞ്ഞ മാസം 11നാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. പനി ബാധിച്ച ഇദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. അപ്പപ്പാറ മേഖലയിൽ മറ്റ് രണ്ട് പേർക്കു കൂടി കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ പനി ബാധിച്ചവരുടെ എണ്ണം അഞ്ചായി

അതിർത്തി ഗ്രാമമായ ബാവലിയിൽ ജോലിചെയ്തിരുന്നപ്പോൾ സുന്ദരന് ചെള്ള് കടിയേറ്റ് കുരങ്ങുപനി ബാധിച്ചിരിക്കാം എന്നാണ് കരുതുന്നത്. കാടിന് സമീപത്തെ പുഴയോരത്ത് ചത്ത കുരങ്ങനെ കണ്ടെത്തിയിരുന്നു. പനി മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മുൻകരുതൽ ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്. കേരളം, തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ മുതിർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അടുത്ത ദിവസം തിരുവനന്തപുരത്ത് ചേരും. കേരളത്തിലെ ആദ്യത്തെ കുരങ്ങുപനി മരണമാണിത്. ഇതിനു മുമ്പ് 2015ൽ അതിർത്തി ഗ്രാമമായ ബൈരക്കുപ്പയിലാണ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത്.