LiveTV

Live

Kerala

ശ്മശാന ഭൂമിയെ ചൊല്ലി പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

ബലപ്രയോഗത്തിലൂടെ പൊലീസ് ബന്ധുക്കളെയടക്കം നീക്കിയതോടെ മൃതദേഹം സ്ഥലത്ത് ഉപേക്ഷിച്ച് ബന്ധുക്കള്‍ അറസ്റ്റ് വരിച്ചു...

ശ്മശാന ഭൂമിയെ ചൊല്ലി പൊലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

മലപ്പുറം അരീക്കോട് കുഴിമണ്ണയില്‍ ശ്മശാനഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പൊലീസും കോളനിവാസികളും തമ്മില്‍ സംഘര്‍ഷം. മൃതദേഹം അടക്കം ചെയ്യാന്‍ കുഴിയെടുക്കുന്നത് പോലീസ് തടഞ്ഞതോടെ മണിക്കൂറുകളോളം മൃതദേഹം അനാഥമായി കിടന്നു. തര്‍ക്കം തുടരുന്നതിനിടെ പൊലീസ് ബന്ധുക്കളെ അറസ്റ്റ് ചെയ്യുകയും മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തു.

കളത്തിങ്ങല്‍ പുല്ലഞ്ചേരി കോളനി നിവാസികള്‍ മൃതദേഹവുമായി സംസ്‌ക്കാര ചടങ്ങുകള്‍ക്ക് എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. ശ്മശാന ഭൂമി വ്യാജ രേഖയുണ്ടാക്കി സ്വകാര്യവ്യക്തി തട്ടിയെടുത്തുവെന്ന ആക്ഷേപം നേരത്തെ തന്നെ കോളനി നിവാസികള്‍ ഉന്നയിച്ചിരുന്നു. മൃതദേഹം മറവു ചെയ്യാന്‍ കുഴിയെടുക്കാന്‍ തുടങ്ങിയതോടെ പൊലീസ് തടഞ്ഞു. കോളനിവാസികളും പൊലീസും തമ്മില്‍ പിന്നീട് നേരിയ സംഘര്‍ഷമുണ്ടായി. ബലപ്രയോഗത്തിലൂടെ പൊലീസ് ബന്ധുക്കളെയടക്കം നീക്കിയതോടെ മൃതദേഹം സ്ഥലത്ത് ഉപേക്ഷിച്ച് ബന്ധുക്കള്‍ അറസ്റ്റ് വരിച്ചു. തിരൂര്‍ ആര്‍.ഡി.ഒ സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും സമരസമിതി ശ്മശാന ഭൂമിയാണെന്ന നിലപാടില്‍ തന്നെ ഉറച്ചുനിന്നു.

നാലുമണിക്കൂര്‍ മൃതദേഹം സ്ഥലത്ത് അനാഥമായി കിടന്നു. മറ്റൊരിടത്തേക്ക് മൃതദേഹം കൊണ്ടു പോകാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതോടെ, മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മലപ്പുറം ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ശ്മശാന ഭൂമി നിലനിര്‍ത്താണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ശ്മശാന സംരക്ഷണ സമിതി. ഇരുപതോളം ബന്ധുക്കളെ വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തു.