LiveTV

Live

Kerala

സീറോ ഹവറില്‍ നിയമലംഘനം നടത്തുന്നവർക്ക് പിഴയില്ല, പക്ഷേ...

വാഹനവുമായി നഗരത്തിലിറങ്ങിയവർക്ക് അമ്പരപ്പ്. നഗരത്തിലെ പ്രധാന സ്ഥലങ്ങളുടെ വശങ്ങളിൽ പൊലീസ് ചെക്കിങ്. 

സീറോ ഹവറില്‍ നിയമലംഘനം നടത്തുന്നവർക്ക് പിഴയില്ല, പക്ഷേ...

ഗതാഗതകുരുക്കും ട്രാഫിക് നിയമ ലംഘനവും കുറയ്ക്കാൻ തിരുവനന്തപുരം നഗരത്തിൽ സീറോ ഹവർ സംവിധാനം നടപ്പിലാക്കി. സീറോ ഹവറിൽ നിയമലംഘനം നടത്തുന്നവർക്ക് പിഴയില്ല, പക്ഷേ പൊലീസിന്റെ നിർബന്ധിത ബോധവത്കരണ ക്ലാസിൽ പങ്കെടുക്കേണ്ടി വരും. സിറ്റി പൊലീസ് സഞ്ജയ് കുമാർ ഗുരുദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സീറോ ഹവർ നടപ്പിലാക്കിയത്.

വാഹനവുമായി നഗരത്തിലിറങ്ങിയവർക്ക് അമ്പരപ്പ്. നഗരത്തിലെ പ്രധാന സ്ഥലങ്ങളുടെ വശങ്ങളിൽ പൊലീസ് ചെക്കിങ്. ചെക്കിങ്ങിനു നേതൃത്വം കൊടുക്കുന്നത് സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിനും. ദിവസത്തിൽ ഒരു മണിക്കൂറാണ് സീറോ ഹവർ. ഈ സമയം നിയമലംഘനം നടത്തിയാൽ പണമടച്ചു രക്ഷപെടാൻ കഴിയില്ല. നിർബന്ധമായും പൊലീസിന്റെ ബോധവത്കരണ ക്ലാസ്സിൽ പങ്കെടുക്കേണ്ടി വരും. ക്ലാസിന്റെ സമയം നിയമലംഘനം നടത്തുന്നവർക്ക് തീരുമാനിക്കാം. വാഹനം നിരീക്ഷണത്തിലായതിനാൽ ക്ലാസ്സിനു ശേഷവും നിയമലംഘനം നടത്തിയാൽ പൊലീസ് ഉറപ്പായും പിടികൂടും.

ഓരോ ദിവസവും വ്യത്യസ്തമായ സമയങ്ങളിലാണ് സീറോ ഹവർ. അതിനാൽ മുൻകൂട്ടി അറിയാനും കഴിയില്ല. കോഴിക്കോട് നഗരത്തിൽ പരീക്ഷിച്ചു വിജയിച്ചതിനാലാണ് തിരുവനന്തപുരത്തേക്കും സീറോ ഹവർ വ്യാപിപ്പിക്കുന്നതെന്നു സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിൻ പറഞ്ഞു. ട്രാഫിക് നിയമലംഘനം കണ്ടാൽ ചിത്രങ്ങളോ ദൃശ്യങ്ങളോ പകർത്തി പൊതുജനങ്ങൾക്കും പൊലീസിനെ സഹായിക്കാൻ കഴിയും. ട്രാഫിക് നിയമലംഘനം കണ്ടാൽ പൊതുജനങ്ങൾ പൊലീസിനെ അറിയിക്കേണ്ട നമ്പർ - 9497975000. നിയമലംഘനത്തിന്റെ ചിത്രങ്ങളും, ദൃശ്യങ്ങളും വാട്ട്സ്ആപ്പിലേക്കും അയക്കാം.