LiveTV

Live

Kerala

‘കോൺഗ്രസ് അസന്തുലിതത്വം വഴി മുസ്‍ലിം മനസിൽ മുറിവുണ്ടാക്കരുത്’ സത്താര്‍ പന്തലൂര്‍ 

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടികയിലെ മുസ്‍ലിം പ്രാതിനിധ്യത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം

‘കോൺഗ്രസ് അസന്തുലിതത്വം വഴി മുസ്‍ലിം മനസിൽ മുറിവുണ്ടാക്കരുത്’ സത്താര്‍ പന്തലൂര്‍ 

കോണ്‍ഗ്രസ് പാര്‍ട്ടി സാമുദായിക സന്തുലിതത്വം പാലിക്കണമെന്ന് സമസ്ത കേരള സുന്നി സ്റ്റുഡന്‍സ് ഫെഡറേഷന്‍ (എസ്.കെ.എസ്.എസ്.എഫ്) ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടികയിലെ മുസ്‍ലിം പ്രാതിനിധ്യത്തെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.

വയനാട്ടിലേക്ക് രാഹുൽ ഗാന്ധിക്ക് സ്വാഗതം. പക്ഷെ നിലവിലുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ സാമുദായിക സന്തുലിതത്വം ...

Posted by Sathar panthaloor on Saturday, March 23, 2019

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി നടക്കുന്ന ചര്‍ച്ചകള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് സത്താര്‍ പന്തലൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. അദ്ദേഹത്തെ വയനാട്ടിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റ് വലിയ ചോദ്യങ്ങള്‍ക്കാണ് വഴി വെക്കുന്നത്. 27% ജനസംഖ്യയുള്ള മുസ്‍ലിം സമുദായത്തില്‍ നിന്ന് വിജയസാധ്യത പോലുമില്ലാത്ത ഒരു മണ്ഡലത്തില്‍ മാത്രം മുസ്‍ലിം സഥാനാര്‍ഥിയെ കോണ്‍ഗ്രസ് പരിഗണിച്ചതിന്‍റെ ഔചിത്യം അദ്ദേഹം ചോദ്യം ചെയ്യുന്നു.

സത്താര്‍ പന്തലൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

വയനാട്ടിലേക്ക് രാഹുൽ ഗാന്ധിക്ക് സ്വാഗതം.

പക്ഷെ നിലവിലുള്ള കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ സാമുദായിക സന്തുലിതത്വം ഓർമപ്പെടുത്തുകയാണ്.

10% ജനസംഖ്യയുള്ള നായർ സമുദായത്തിന് 5 സീറ്റ്,

17% ജനസംഖ്യയുള്ള കൃസ്ത്യൻ സമുദായത്തിന് 4 സീറ്റ്.

27% ജനസംഖ്യയുള്ള മുസ് ലിം സമുദായത്തിന് ജയസാധ്യതയിൽ തന്നെ സംശയമുള്ള 1 സീറ്റ്. ഇതിന്റെ ന്യായീകരണം അറിയാൻ താത്പര്യമുണ്ട്.

ഇത്തരം കാര്യങ്ങൾ മറ്റുള്ളവർ ഉന്നയിക്കുന്നതും അവകാശമുന്നയിക്കുന്നതും സ്വാഭാവികം മാത്രം, കൂടിപ്പോയാൽ സമ്മർദ്ദംവരെയെത്തും.

മുസ്‍ലിംകൾ പറഞ്ഞാൽ സാമുദായികത, വർഗീയത, അവിവേകം .... രണ്ടാം വിഭാഗത്തിലെ വിശേഷണങ്ങൾ സ്വയം സ്വീകരിച്ചു കൊണ്ട് തന്നെ പറയട്ടെ, ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ഏക അത്താണിയായ കോൺഗ്രസ്സ് അസന്തുലിതത്വം വഴി മുസ് ലിം മനസിൽ മുറിവുണ്ടാക്കരുത്, സാമുദായിക സന്തുലിതത്വം പാലിക്കണം.

പ്ലീസ് ....