LiveTV

Live

Kerala

സൗദിയിൽ മരിച്ച റഫീഖിന്റെ മൃതദേഹം ഖബറടക്കി

ഇന്ന് രാവിലെ 10.30 ന് കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വൈകുന്നേരം മൂന്ന് മണിയോടെ സ്വദേശമായ കോന്നിയിൽ എത്തിച്ചു.

സൗദിയിൽ മരിച്ച റഫീഖിന്റെ മൃതദേഹം ഖബറടക്കി

സൗദിയിൽ മരിച്ച പത്തനംതിട്ട കോന്നി സ്വദേശി റഫീഖിന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി. ഇന്ന് രാവിലെയാണ് ശ്രീലങ്കയിൽ നിന്ന് റഫീഖിന്റെ മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് റഫീഖിന്റെ മൃതദേഹം മാറി ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിയത്.

ഇന്ന് രാവിലെ 10.30 ന് കൊച്ചി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം വൈകുന്നേരം മൂന്ന് മണിയോടെ സ്വദേശമായ കോന്നിയിൽ എത്തിച്ചു. തുടർന്ന് കുമ്മണ്ണൂർ ജുമാ മസ്ജിദിൽ പൊതുദർശനത്തിന് ശേഷം ഖബറടക്കി. ഫെബ്രുവരി 27നായിരുന്നു സൗദി അറേബ്യയിലെ അബ്ഹയിൽ ഹൃദയഘാതത്തെ തുടർന്ന് റഫീഖ് മരിക്കുന്നത്.

സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിൽ വെച്ചായിരുന്നു റഫീഖിന്റെ മൃതദേഹം മാറി ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹം നാട്ടിലെത്തിയത്. പെട്ടികളിൽ പതിച്ച പേരും നമ്പരും മാറിയതായിരുന്നു കാരണം. കോട്ടയം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരുന്ന ശ്രീലങ്കൻ സ്വദേശിനിയുടെ മൃതദേഹവും ഇന്ന് വൈകിട്ടത്തെ വിമാനത്തിൽ ശ്രീലങ്കയിലേക്ക് അയച്ചു. സംഭവത്തിൽ സൗദി എയർലൈൻസ് കമ്പനി വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.