LiveTV

Live

Kerala

ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്ന സംഭവം; നടപടി വേണ്ടെന്ന് ധാരണ

രമേശ് ചെന്നിത്തല നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.

 ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്ന സംഭവം; നടപടി വേണ്ടെന്ന്  ധാരണ

കോഴിക്കോട് ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്ന സംഭവത്തില്‍ തല്‍ക്കാലം നടപടി വേണ്ടതില്ലെന്ന് കെ.പി.സി.സി തലത്തില്‍ ധാരണ. ഇതിനെ തുടര്‍‌ന്ന് നേതാക്കളെ വിളിച്ചു വരുത്തി വിശദീകരണം ചോദിക്കാനുള്ള നീക്കം കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉപേക്ഷിച്ചു.

വയനാട് സീറ്റ് കൈവിട്ട് പോയതില്‍ ഗ്രൂപ്പില്‍ അതൃപ്തി പുകയുന്ന സാഹചര്യത്തിലായിരുന്നു കോഴിക്കോട് ഐ ഗ്രൂപ്പ് നേതാക്കള്‍ രഹസ്യ യോഗം ചേര്‍ന്നത്. ഡി.സി.സി അധ്യക്ഷ സ്ഥാനത്തിനായി അവകാശ വാദം മുന്നോട്ട് വെയ്ക്കാനും യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്തെ ഗ്രൂപ്പ് പ്രവര്‍ത്തനം വിവാദമായതോടെ രഹസ്യ യോഗത്തില്‍ പങ്കെടുത്ത നേതാക്കളെ വിളിച്ചു വരുത്തി വിശദീകരണം തേടാന്‍ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെ രമേശ് ചെന്നിത്തല ഇടപെട്ടു. രണ്ട് തവണ മുല്ലപ്പള്ളിയുമായി ടെലിഫോണില്‍ സംസാരിച്ച രമേശ് ചെത്തില കടുത്ത നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെടുകയും ചെയ്തു.

ഇതോടെ മുല്ലപ്പള്ളി രാമചന്ദ്രനും അയഞ്ഞു. ഗ്രൂപ്പ് നേതാക്കളെ വിളിച്ചു വരുത്താനുളള നീക്കത്തില്‍ നിന്ന് മുല്ലപ്പള്ളി പിന്മാറി. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഇക്കാര്യം ചര്‍ച്ചയാക്കേണ്ടതില്ലെന്നാണ് നേതൃതലത്തിലെ ധാരണ. ഇതിലൂടെ ഐ ഗ്രൂപ്പിന്റെ അതൃപ്തി ശക്തമാകുന്നത് ഒഴിവാക്കാനും നേതാക്കള്‍ക്കായി. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിര്‍ദേശവും ഐ ഗ്രൂപ്പിന് രമേശ് ചെന്നിത്തലയും നല്‍കിയതായാണ് വിവരം.