LiveTV

Live

Kerala

വയനാട്ടില്‍ സർഫാസി ആക്ട് പ്രകാരം വീട് ജപ്തി; പ്രതിഷേധവുമായി ഹരിതസേന

ജപ്തി നടപടികൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് ബാങ്ക് നടപടി എന്നാരോപിച്ച് ഹരിതസേന പ്രവർത്തകർ വൈകീട്ടോടെ വീട് സീൽ ചെയ്ത പൂട്ട് പൊളിച്ച് അകത്ത് കയറി.

വയനാട്ടില്‍ സർഫാസി ആക്ട് പ്രകാരം വീട് ജപ്തി; പ്രതിഷേധവുമായി ഹരിതസേന

വയനാട് അഞ്ചുകുന്നില്‍ സർഫാസി ആക്ട് പ്രകാരം വീട് ജപ്തി ചെയ്ത് ബാങ്ക് നടപടി. അഞ്ചുകുന്ന് സ്വദേശി പ്രമോദിന്റെ വീടും സ്ഥലവുമാണ് ബാങ്ക് ഓഫ് ഇന്ത്യ ജപ്തി ചെയ്തത്. എന്നാൽ ഹരിതസേന പ്രവർത്തകർ ബാങ്ക് സീൽ ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു അകത്ത് കടന്നു.

2015ല്‍ ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും അഞ്ചുകുന്ന് സ്വദേശി പ്രമോദ് ചെറുകിട വ്യവസായം തുടങ്ങാൻ 15 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഈ ലോണിന്‍റെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് നിയമ നടപടി തുടങ്ങിയത്. കൽപ്പറ്റ സിജെഎം കോടതിയുടെ ഉത്തരവ് പ്രകാരം അഭിഭാഷക കമ്മീഷനും ബാങ്ക് അധികൃതരും ചേർന്ന് വീട് ജപ്തി ചെയ്ത് സീൽ ചെയ്യുകയായിരുന്നു. ഇതിനകം അഞ്ച് ലക്ഷം രൂപ തിരിച്ചടച്ചതായും ജപ്തി വിവരം തന്നെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും പ്രമോദ് പറയുന്നു.

ജപ്തി നടപടികൾ പാടില്ലെന്ന സർക്കാർ ഉത്തരവ് ലംഘിച്ചാണ് ബാങ്ക് നടപടി എന്നാരോപിച്ച് ഹരിതസേന പ്രവർത്തകർ വൈകീട്ടോടെ വീട് സീൽ ചെയ്ത പൂട്ട് പൊളിച്ച് അകത്ത് കയറി. അതേസമയം പതിമൂന്ന് തവണകളായി വായ്പ തിരിച്ചടയ്ക്കാൻ ഹൈക്കോടതി നൽകിയ നിർദ്ദേശം പോലും പ്രമോദ് പാലിക്കാത്തതിനെ തുടർന്നാണ് നടപടി സ്വീകരിക്കേണ്ടി വന്നതെന്നും ബാങ്ക് അധികൃതർ അറിയിച്ചു. 2017ൽ തുടങ്ങിയ ജപ്തി നടപടികളാണ് ഇപ്പോൾ പൂർത്തിയാക്കിയതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.