LiveTV

Live

Kerala

ജസ്നയെ കാണാതായിട്ട് ഒരു വർഷം; അന്വേഷണം എങ്ങുമെത്തിയില്ല

വിവിധ സംഘങ്ങൾ അന്വേഷിച്ചിട്ടും ജസ്ന എവിടെയെന്ന് കണ്ടെത്താനായില്ല.

ജസ്നയെ കാണാതായിട്ട്  ഒരു വർഷം; അന്വേഷണം എങ്ങുമെത്തിയില്ല

പത്തനംതിട്ടയിലെ ജസ്നയെ കാണാതായിട്ട് ഇന്ന് ഒരു വർഷം. വിവിധ സംഘങ്ങൾ അന്വേഷിച്ചിട്ടും ജസ്ന എവിടെയെന്ന് കണ്ടെത്താനായില്ല. ഇപ്പോൾ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്.

കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ ബിരുദ വിദ്യാർഥിയായിരുന്ന ജസ്ന കഴിഞ്ഞ മാർച്ച് 22ന് മുണ്ടക്കയം പുഞ്ചവയലിലുള്ള പിതൃസഹോദരിയുടെ വീട്ടിലേക്ക് പോകാനായാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. എരുമേലി വരെ സ്വകാര്യ ബസിൽ എത്തിയെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പിന്നീട് ജ‌സ്നയെപ്പറ്റി വിവരം ലഭിച്ചിട്ടില്ല. കാണാതായി ഒന്നരയാഴ്ചക്ക് ശേഷമാണ് അന്വേഷണത്തിന് തിരുവല്ല ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചത്. കുടക്, ബംഗലൂരു എന്നിവടങ്ങളിലേക്ക് അന്വേഷണം വ്യാപിപിച്ചെങ്കിലും ഫലം ഉണ്ടായില്ല.

ബംഗലൂരൂ വിമാനത്താവളത്തിലും മെട്രോയിലും ജസ്നയെ കണ്ടെന്ന വിവരത്തെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. അന്വേഷണത്തിൽ പുരോഗതി ഇല്ലാത്തതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ എ.ഡി.ജി.പി മനോജ് എബ്രഹാമിനെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചെങ്കിലും കേസ് എങ്ങുമെത്തിയില്ല. ജസ്നയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപ പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിട്ടും കാര്യമുണ്ടായില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി.