LiveTV

Live

Kerala

മെഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റാകും

കൗൺസിൽ തലപ്പത്ത് കായിക താരം വേണമെന്ന മന്ത്രി ഇ.പി. ജയരാജന്‍റെ നിലപാടാണ് ടി.പി. ദാസന് പകരം മെഴ്സികുട്ടനെ തെരഞ്ഞെടുക്കാൻ കാരണം.

മെഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റാകും

ഒളിമ്പ്യൻ മെഴ്സികുട്ടൻ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റാകും. ഇത് സംബന്ധിച്ച് സർക്കാർ ധാരണയിലെത്തി. കൗൺസിൽ തലപ്പത്ത് കായിക താരം വേണമെന്ന മന്ത്രി ഇ.പി. ജയരാജന്‍റെ നിലപാടാണ് ടി.പി. ദാസന് പകരം മെഴ്സികുട്ടനെ തെരഞ്ഞെടുക്കാൻ കാരണം.

സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റിനെ സർക്കാർ നാമനിർദ്ദേശത്തിലൂടെയാണ് തിരഞ്ഞെടുക്കുന്നത്. ഈ മാസം 25നാണ് തെരഞ്ഞെടുപ്പ്. നിലവിലെ കമ്മിറ്റി വൈസ് പ്രസിഡന്‍റ് മെഴ്സി കുട്ടന് അവസരം നൽകാനാണ് സർക്കാർ തീരുമാനം. പുതിയ കായിക നിയമത്തിലൂടെ പരിഷ്ക്കാരങ്ങൾ കൊണ്ടുവന്നതിനൊപ്പം തലപ്പത്ത് കായികതാരം വേണമെന്ന ധാരണയുമുണ്ടായിരുന്നു. ഇതോടെ ടി.പി. ദാസന് സ്ഥാനം നഷ്ടമാകും.

വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് അടുത്ത മാസം ഒന്നിനും ഭരണസമിതി അംഗങ്ങളെ എട്ടിനും തെരഞ്ഞെടുക്കും. പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും അടക്കം ഒൻപതംഗ ഭരണസമിതിയെയാണ് തിരഞ്ഞെടുക്കുക. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ നായകൻ ഐ.എം. വിജയൻ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് സുനിൽകുമാർ, കണ്ണൂരിൽ നിന്നുള്ള ഒ.കെ. വിനീഷ് എന്നിവരെ ഭരണ സമിതിയിലെത്തിക്കാനാണ് നീക്കം.