LiveTV

Live

Kerala

അധ്യാപിക ശൗചാലയത്തില്‍ പോകാന്‍ അനുവദിച്ചില്ല, പരീക്ഷക്കിടെ വിദ്യാര്‍ത്ഥി തളര്‍ന്നുവീണു

അധ്യാപികയുടെ മനുഷ്യത്വരഹിത പെരുമാറ്റത്തിനെതിരെ മാതാപിതാക്കള്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. അധ്യാപികയ്ക്കെതിരെ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാന്‍

അധ്യാപിക ശൗചാലയത്തില്‍ പോകാന്‍ അനുവദിച്ചില്ല, പരീക്ഷക്കിടെ വിദ്യാര്‍ത്ഥി തളര്‍ന്നുവീണു

എസ്.എസ്.എല്‍.സി പരീക്ഷക്കിടെ മനുഷ്യത്വരഹിതമായി പെരുമാറിയ അധ്യാപിക്കെതിരെ വിദ്യാര്‍ഥി പൊലീസില്‍ പരാതി നല്‍കി. ശുചിമുറിയില്‍ പോകണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥിയെ അധ്യാപിക രണ്ടു മണിക്കൂറോളം പരീക്ഷാഹാളില്‍ ഇരുത്തി. പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ത്ഥി ക്ളാസ് മുറിയില്‍ ബോധംകെട്ടു വീണെന്നും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അധ്യാപികക്കെതിരെ ബാലാവകാശ കമീഷൻ കേസെടുത്തു.

കൊല്ലം കടയ്ക്കല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ചൊവ്വാഴ്ച്ചയാണ് സംഭവം. കെമിസ്ട്രി പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയ്ക്ക് വയറുവേദന അനുഭവപ്പെട്ടു. ശുചിമുറിയില്‍ പോകണമെന്നറിയിച്ചെങ്കിലും അധ്യാപിക അനുവദിച്ചില്ല. കരഞ്ഞു തളര്‍ന്ന വിദ്യാര്‍ത്ഥി ക്ളാസ് മുറിയില്‍ ബോധം കെട്ടുവീണു. മറ്റ് അധ്യാപകര്‍ എത്തിയാണ് കുട്ടിയെ ശുചിമുറിയില്‍ എത്തിച്ചത്.

പ്രാഥമിക കൃത്യം നിര്‍വഹിച്ച് തിരിച്ച് ക്ലാസില്‍ എത്തിയപ്പോഴേക്കും പരീക്ഷാസമയം അവസാനിച്ചു. അധ്യാപികയുടെ അനാസ്ഥ മൂലമാണ് വിദ്യാര്‍ത്ഥിക്ക് പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. അധ്യാപികയുടെ മനുഷ്യത്വരഹിത പെരുമാറ്റത്തിനെതിരെ മാതാപിതാക്കള്‍ കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കി. അധ്യാപികയ്ക്കെതിരെ വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് രക്ഷിതാക്കള്‍.

പരീക്ഷയെഴുതാന്‍ കഴിയാത്തത് മൂലം കുട്ടി മാനസിക സംഘര്‍ഷത്തിലുമാണ്. കുട്ടിയെ ശുചിമുറിയില്‍ പോകാന്‍ അനുവദിക്കാത്ത അധ്യാപികയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.