LiveTV

Live

Kerala

ആര്‍.എസ്.എസ് ഇടപെടല്‍ കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക അടിമുടി മാറിയേക്കും

അതേസമയം ആര്‍.എസ്.എസ് ഇടപെടലുണ്ടോയോ എന്ന് അവരോട് ചോദിക്കണമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു.

ആര്‍.എസ്.എസ് ഇടപെടല്‍ കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക അടിമുടി മാറിയേക്കും

ആര്‍.എസ്.എസ് ഇടപെട്ടതോടെ കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയില്‍ അടിമുടി മാറ്റത്തിന് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള മത്സരിക്കേണ്ടതില്ലെന്നാണ് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. അതേസമയം ആര്‍.എസ്.എസ് ഇടപെടലുണ്ടോയോ എന്ന് അവരോട് ചോദിക്കണമെന്ന് ശ്രീധരന്‍പിള്ള പ്രതികരിച്ചു.

പാര്‍ട്ടിയിലെ തമ്മിലടി കേരളത്തിലെ ബി.ജെ.പി സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നുവെന്നും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും ആര്‍.എസ്.എസ് നേതൃത്വം ഇന്നലെ ബി.ജെ.പി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്ക് സീറ്റ് ലഭിക്കുക എന്നതില്‍ കവിഞ്ഞ് മറ്റ് താല്‍പര്യങ്ങളിലെന്നും വിമര്‍ശം ഉന്നയിച്ചു.

പത്തനംതിട്ടയില്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ഥി എന്ന നിലയില്‍ കെ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്നായിരുന്നു ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ഇതിന് വിരുദ്ധമായി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളക്ക് പ്രഥമപരിഗണന നല്‍കുന്ന പട്ടിക കേന്ദ്രത്തിന് സമര്‍പ്പിച്ചതും ആര്‍.എസ്.എസിനെ പ്രകോപിപ്പിച്ചു.

Also read: സംസ്ഥാനത്ത് ബി.ജെ.പി 14 സീറ്റുകളില്‍ മത്സരിക്കും, തൃശൂര്‍ ബി.ഡി.ജെ.എസിന്

തീരുമാനം നീണ്ടതോടെ കെ സുരേന്ദ്രന് വേണ്ടി സോഷ്യല്‍മീഡിയയില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ക്യാംപയിന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കാനും മത്സരിക്കുന്നതില്‍ നിന്ന് മാറിനില്‍ക്കാനും ബി.ജെ.പി കേന്ദ്രനേതൃത്വം ശ്രീധരന്‍പിള്ളക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ആര്‍.എസ്.എസ് ഇടപെടലിനെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രീധരന്‍പിളള തയാറായില്ല. സംസ്ഥാനനേതാക്കളായ എം.ടി രമേശ്, പി.കെ കൃഷ്ണദാസ് എന്നിവരെയും മാറ്റിനിര്‍ത്താനാണ് സാധ്യത.