LiveTV

Live

Kerala

സംസ്ഥാനത്ത് എന്‍.ഡി.എ സീറ്റ് വിഭജനം പൂര്‍ത്തിയായി

വയനാട്, ആലത്തൂര്‍, ഇടുക്കി, തൃശൂര്‍, മാവേലിക്കര മണ്ഡലങ്ങളില്‍ ബി.ഡി.ജെ.എസ് മത്സരിക്കും...

സംസ്ഥാനത്ത് എന്‍.ഡി.എ സീറ്റ് വിഭജനം പൂര്‍ത്തിയായി

കലഹങ്ങള്‍ക്കും പിടിവലിക്കുമൊടുവില്‍ കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയും എന്‍.ഡി.എ സീറ്റ് വിഭജനവും പൂര്‍ത്തിയായി. പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായേക്കും. ശ്രീധരന്‍ പിള്ളയോട് മത്സരരംഗത്ത് നിന്ന് മാറാന്‍ ദേശീയ നേതൃത്വം നിര്‍ദ്ദേശിച്ചു. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് രാത്രിയോ നാളെയോ പുറത്ത് വരും. തൃശൂരില്‍ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കും.

ശബരിമല സ്ഥിതിചെയ്യുന്ന പത്തനംതിട്ടക്കായുള്ള പിടിവലിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ച പലതവണ കുഴഞ്ഞ് മറിഞ്ഞു. ഒടുവില്‍ ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനൊപ്പം കേന്ദ്ര നേതൃത്വം നിന്നു. ആര്‍.എസ്.എസ് നിലപാടാണ് സുരേന്ദ്രനെ തുണച്ചത്. ആദ്യഘട്ട ചര്‍ച്ചയില്‍ മേല്‍ക്കൈ നേടിയ സംസ്ഥാന പി.എസ് ശ്രീധരന്‍ പിള്ള മത്സരരംഗത്ത് നിന്ന് പിന്മാറിയേക്കും.

ബി.ജെ.പിയുടെ പട്ടികയില്‍ അന്തിമ തീരുമാനം അമിത് ഷായാണ് കൈക്കൊള്ളുക. സംസ്ഥാനത്ത് എന്‍.ഡി.എ സീറ്റ് വിഭജനവും പൂര്‍ത്തിയായി. തൃശൂരില്‍ ബി.ഡി.ജെ.എസ് തന്നെ മത്സരിക്കും. താന്‍ മത്സരിക്കുന്ന കാര്യം നാളത്തെ പാര്‍ട്ടിയോഗമാണ് തീരുമാനിക്കുക എന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

മാവേലിക്കര, ആലത്തൂര്‍, ഇടുക്കി, വയനാട് എന്നീ മണ്ഡലങ്ങളിലും ബി.ഡി.ജെ.എസ് മത്സരിക്കും. എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനം, ആറ്റിങ്ങലില്‍ ശോഭ സുരേന്ദ്രന്‍, ചാലക്കുടി എ.എന്‍ രാധാകൃഷ്ണന്‍, വടകര വി.കെ സജീവന്‍ എന്നിങ്ങനെയാണ് ബി.ജെ.പി ഒടുവില്‍ ധാരണയാക്കിയ പട്ടിക.