LiveTV

Live

Kerala

വെസ്റ്റ് നൈൽ വൈറസ്: വിദഗ്ധ സംഘം മലപ്പുറത്തെത്തി

ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യം സ്ഥിരീകരിച്ച സംഘം, വൈറസ് ബാധ സ്ഥിരീകരിക്കാൻ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയക്കും.

വെസ്റ്റ് നൈൽ വൈറസ്: വിദഗ്ധ സംഘം മലപ്പുറത്തെത്തി

വെസ്റ്റ് നൈൽ വൈറസിനെ കുറിച്ച് പഠിക്കാൻ വിദഗ്ധ സംഘം മലപ്പുറത്തെത്തി. പനി ബാധിച്ച് മരിച്ച മുഹമ്മദ് ഷാന്റെ വീട്ടിലും പരിസര പ്രദേശങ്ങളിലും സംഘം പരിശോധന നടത്തി. ക്യൂലക്സ് കൊതുകുകളുടെ സാന്നിധ്യം സ്ഥിരീകരിച്ച സംഘം, വൈറസ് ബാധ സ്ഥിരീകരിക്കാൻ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയക്കും.

വെസ്റ്റ് നൈൽ പനി ബാധിച്ച് കുട്ടി മരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് വിശദമായ പഠനം നടത്തുന്നതിന് വേണ്ടി കോട്ടയം ആസ്ഥാനമായുള്ള വെക്ടർ കൺട്രോൾ റിസർച്ച് സെൻറർ ശാസ്ത്രജ്ഞർ മലപ്പുറത്തെത്തിയത്. മരിച്ച 6 വയസ്സുകാരൻ മുഹമ്മദ് ഷാൻ അമ്മവീടായ വെന്നിയൂരിൽ ആണ് സംഘം ആദ്യം പരിശോധന നടത്തിയത്. വീട്ടുകാരിൽ നിന്ന് ശാസ്ത്രജ്ഞർ വിവരങ്ങൾ ശേഖരിച്ചു. രോഗവാഹകരായ ക്യൂലക്സ് കൊതുകുകളുടെ വലിയ സാന്നിധ്യമാണ് സംഘം പ്രദേശത്ത് കണ്ടെത്തിയിരിക്കുന്നത്. കൊതുകുകളിൽ വൈറസ് ബാധ ഉണ്ടോയെന്ന് അറിയാൻ കൊതുകുകളെ വിദഗ്ധ പരിശോധനക്ക് അയക്കും.

മരിച്ച മുഹമ്മദ് ഷാന്റെ വേങ്ങരയിലെ വീട്ടിലും സംഘം പരിശോധന നടത്തി. മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറുമായും ഇവർ കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആരോഗ്യ സംഘവും ജില്ലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. പക്ഷികളിൽ നിന്ന് കൊതുകുകൾ വഴി മനുഷ്യരിലേക്ക് പകരുന്ന വെസ്റ്റ്നൈൽ വൈറസ് ബാധ കൂടുതൽ പേരിലേക്ക് പകർന്നിട്ടില്ല എന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.