LiveTV

Live

Kerala

മൊറട്ടോറിയം ഉത്തരവിറങ്ങിയില്ല; ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം

കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കുമുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം.

മൊറട്ടോറിയം ഉത്തരവിറങ്ങിയില്ല; ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം

കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം കാലാവധി ദീര്‍ഘിപ്പിച്ച ഉത്തരവിറങ്ങാന്‍ വൈകിയതില്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. എന്തുകൊണ്ടാണ് സമയബന്ധിതമായി ഉത്തരവിറക്കാന്‍ വൈകിയതെന്ന് മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി ടോം ജോസിനോട് ചോദിച്ചു. ഉത്തരവിറക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. അതേസമയം ഉത്തരവിറങ്ങാത്തതില്‍ കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.

കര്‍ഷകരുടെ എല്ലാ വായ്പകള്‍ക്കുമുള്ള മൊറട്ടോറിയത്തിന്റെ കാലാവധി ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. കര്‍ഷക ആത്മഹത്യ തുടര്‍ സംഭവമായ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ നടപടി. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉത്തരവിറക്കാന്‍ കഴിയാതായി. ഇക്കാര്യത്തിലെ അതൃപ്തി കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പരസ്യമാക്കുകയും ചെയ്തു.

വളരെ പ്രധാനപ്പെട്ട ഉത്തരവിറക്കാന്‍ കഴിയാത്തത് ഗുരുതര വീഴ്ചയാണെന്നും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും മന്ത്രിസഭായോഗത്തില്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ചോദിച്ചു. ഉത്തരവിറക്കാന്‍ വേണ്ട അടിയന്തര നടപടി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിലവിലെ മൊറട്ടോറിയത്തിന്റെ കാലാവധി മേയ് അവസാനം വരെയുണ്ടെന്നും കര്‍ഷകര്‍ ആശങ്കപ്പെടേണ്ടെന്നും മന്ത്രി വി.എസ് സുനില്‍കുമാര്‍ അറിയിച്ചു.

മാര്‍ച്ച് അഞ്ചിനാണ് മൊറട്ടോറിയത്തിന്റെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്. മാര്‍ച്ച് 10ന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ഉത്തരവിറക്കാന്‍ ഇത്രയും ദിവസം വൈകിയതാണ് സര്‍ക്കാരിന് തിരിച്ചടിയായത്. മുഖ്യമന്ത്രി പറഞ്ഞാല്‍ ചീഫ് സെക്രട്ടറി പോലും കേള്‍ക്കുന്നില്ലെങ്കില്‍ പിന്നെന്തിനാണ് ഇങ്ങനെയൊരു മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചോദിച്ചു.