LiveTV

Live

Kerala

കാർഷിക വായ്പകളിൻമേലുള്ള മൊറട്ടോറിയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി

ഉത്തരവിറക്കാൻ വൈകിയതിലെ അതൃപ്തി പ്രകടിപ്പിച്ച് കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും രംഗത്തെത്തി.

കാർഷിക വായ്പകളിൻമേലുള്ള മൊറട്ടോറിയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി

കർഷകരുടെ വായ്പകളിൻമേൽ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിൽ കുടുങ്ങി. ഉത്തരവിറക്കാൻ വൈകിയതോടെയാണ് പെരുമാറ്റച്ചട്ടം ബാധകമായത്. ഉത്തരവിറക്കാൻ വൈകിയതിലെ അതൃപ്തി പ്രകടിപ്പിച്ച് കൃഷിമന്ത്രി വി.എസ് സുനില്‍കുമാറും രംഗത്തെത്തി.

കർഷകരുടെ എല്ലാ വായ്പക്കും മൊറട്ടോറിയം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം വന്നത് മാർച്ച് 5നാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതാകട്ടെ മാർച്ച് 10നും. ഇതിനിടയിൽ 5 ദിവസം ലഭിച്ചിട്ടും മൊറട്ടോറിയം പ്രഖ്യാപിച്ചുളള മന്ത്രിസഭ തീരുമാനം ഉത്തരവായി ഇറങ്ങിയില്ല. ഉത്തരവിറക്കുന്നതിനുളള ഫയൽ പെരുമാറ്റച്ചട്ട സ്ക്രീനിംഗ് കമ്മറ്റിയുടെ പരിഗണനക്ക് വന്നത് മാർച്ച് 18ന് മാത്രമാണ്. സ്ക്രീനിംഗ് കമ്മറ്റി അനുമതി നിഷേധിച്ചതോടെ മൊറട്ടോറിയം ഉത്തരവ് ഇനി തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ പ്രാബല്യത്തിൽ വരുത്താനാവൂ. കർഷകർക്ക് വലിയ ആശ്വാസമാകുമായിരുന്ന തീരുമാനമാണ് ഉദ്യോഗസ്ഥ തലത്തിലെ വീഴ്ചമൂലം തടസ്സപ്പെട്ടിരിക്കുന്നത്.

ഉത്തരവിറങ്ങാത്തതോടെ വായ്പകളിൻമേൽ ബാങ്കുകൾക്ക് ജപ്തി നടപടികളുമായി മുന്നോട്ട് പോകാനും കഴിയും. അതേസമയം മൊറട്ടോറിയം ഉത്തരവിറങ്ങാൻ കാലതാമസം വന്നതിനെതിരെ കൃഷിമന്ത്രി വി.എസ് സുനിൽകുമാർ തന്നെ രംഗത്തുവന്നു. തിരിച്ചടവ് മുടങ്ങിയതോടെ കർഷക വായ്പകളിൻമേൽ ബാങ്കുകൾ ജപ്തി നടപടികൾ തുടങ്ങിയതും ഇടുക്കിയുൾപ്പടെയുളള സ്ഥലങ്ങളിൽ ഇത് കർഷക ആത്മഹത്യയിലേക്ക് നയിച്ചതോടെയുമാണ് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചത്.