LiveTV

Live

Kerala

കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം; ബി.ജെ.പി തെരഞ്ഞെടുപ്പ് സമിതി ആരംഭിച്ചു  

പത്തനംതിട്ടയടക്കമുള്ള മണ്ഡലങ്ങള്‍ക്കായി നേതാക്കള്‍ തമ്മിലടി തുടരുകയാണ്

കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയം; ബി.ജെ.പി തെരഞ്ഞെടുപ്പ് സമിതി ആരംഭിച്ചു  

കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. പത്തനംതിട്ടയടക്കമുള്ള മണ്ഡലങ്ങള്‍ക്കായി നേതാക്കള്‍ തമ്മിലടി തുടരുകയാണ്. തൃശൂരോ പത്തനംതിട്ടയോ വേണമെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ആവശ്യപ്പെട്ടിട്ടുണ്ട്.

പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ സുരേന്ദ്രനെ ആറ്റിങ്ങലിലും അല്‍ഫോണ്‍സ് കണ്ണന്താനത്തെ കൊല്ലത്തും പരിഗണിച്ച് സ്ഥാനാര്‍ത്ഥി പട്ടിക പുതുക്കിയതോടെയാണ് ബി.ജെ.പിക്കുള്ളില്‍ കലഹം രൂക്ഷമായത്. പത്തനംതിട്ട ഉറപ്പിച്ച സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളക്കെതിരെ സുരേന്ദ്രന്‍ അനുകൂലികള്‍ പരസ്യമായി രംഗത്തെത്തി. പിള്ളയുടെ ഫേസ്ബുക്ക് പേജില്‍ തോല്‍ക്കുമെന്ന് താക്കീത്. അമിഷായുടെ പേജില്‍ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. ഇതാണ് സ്ഥിതി.

ഇക്കാര്യങ്ങളെല്ലാം ഇന്നത്തെ കേന്ദ്ര തെരഞ്ഞടുപ്പ് സമിതിയുടെ പരിഗണനക്ക് വരും. ആര്‍.എസ്.എസ് സ്വീകരിക്കുന്ന നിലപാടും പത്തനംതിട്ടയുടെ കാര്യത്തില്‍ നിര്‍ണ്ണായകമാകും. പത്തനംതിട്ടയും, തൃശൂരും ഇല്ലെങ്കില്‍ മത്സരിക്കാന്‍ ഇല്ലെന്ന നിലപാടിലാണ് സുരേന്ദ്രന്‍. അല്‍ഫോണ്‍സ് കണ്ണന്താനവും ഇതേ നിലപാട് കേന്ദ്രത്തോട് ആവര്‍ത്തിച്ചു. കൊല്ലം മണ്ഡലവുമായി തനിക്ക് ഒരു ബന്ധവും ഇല്ലെന്നും കണ്ണന്താനം നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

ബി.ഡി.ജെ.എസില്‍ നിന്നും തൃശൂര്‍ തിരിച്ചെടുത്ത് അവിടെ സുരേന്ദ്രനെ മത്സരിപ്പിക്കാന്‍ നീക്കവും കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയിരുന്നു. പക്ഷേ മണ്ഡലം വിട്ട് തരില്ലെന്നും പാര്‍ട്ടി അധ്യക്ഷന് തുഷാര്‍ വെള്ളാപ്പള്ളി തന്നെ അവിടെ മത്സരിക്കും എന്നുമാണ് ബി.ഡി.ജെ.എസ് അമിത് ഷായെ അറിയിച്ച നിലപാട്. എന്നാല്‍ പത്തനംതിട്ടയില്‍ ബി.ജെ.പി തര്‍ക്കം തുടര്‍ന്നാല്‍ ബി.ഡി.ജെ.എസുമായി മണ്ഡലം വച്ചു മാറുന്നതില്‍ വീണ്ടും ചര്‍ച്ച നടന്നേക്കും.

ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്‍, എം.ടി രമേശ് എന്നിവര്‍ സ്ഥാനാര്‍ഥികള്‍ ആകില്ല. പത്തനംതിട്ട കിട്ടില്ലെന്ന് കണ്ടതോടെയാണ് എം.ടി രമേഷിന്റെ പിന്മാറ്റം. വടക്കനെ എറണാകുളത്ത് പരിഗണിക്കുന്നുണ്ട്. ഇന്നത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിയോഗശേഷം കേരളം അടക്കം ആദ്യ മൂന്ന് ഘട്ടങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥി പട്ടിക ബി.ജെ.പി പ്രസിദ്ധീകരിച്ചേക്കും.

Also read: സ്ഥാനാര്‍‌ത്ഥികളെ തീരുമാനിക്കാന്‍‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് യോഗം ചേരും