LiveTV

Live

Kerala

അങ്കം നയിക്കാന്‍ മുരളീധരനെത്തിയത് നാടകീയതകള്‍ക്ക് ഒടുവില്‍

മുതിര്‍ന്ന നേതാക്കള്‍ പോരിന് ഇറങ്ങാന്‍ തയ്യാറായില്ല. പക്ഷേ അപ്പോഴേക്കും രണ്ടും കല്‍പിച്ച് കോണ്‍ഗ്രസിന്‍റെ മാനം രക്ഷിച്ച് മുരളീധരന്‍ രക്ഷകനായി.

അങ്കം നയിക്കാന്‍ മുരളീധരനെത്തിയത് നാടകീയതകള്‍ക്ക് ഒടുവില്‍

വടകരയിലെ സ്ഥാനാര്‍ഥിയായി കെ മുരളീധരനെത്തിയത് അനിശ്ചിതത്വങ്ങള്‍ക്കും നാടകീയതകള്‍ക്കും ഒടുവില്‍. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കാന്‍ മടിച്ച് നിന്നപ്പോള്‍ രണ്ടാം നിരയിലേക്ക് ചര്‍ച്ചകള്‍ നീണ്ടത് പ്രതിഷേധത്തിന് ഇടയാക്കിയതിനിടെയാണ് കോണ്‍ഗ്രസിന്‍റെ രക്ഷകനായി അങ്കം നയിക്കാന്‍ മുരളീധരന്‍‌ സന്നദ്ധനായത്.

വയനാട് ചുരം ആര് കയറണമെന്നതിലായിരുന്നു ആദ്യം അനിശ്ചിതത്വം. തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ ടി സിദ്ദിഖെന്ന് തീരുമാനിച്ചു. അപ്പോഴാണ് വടകര പോരില്‍ പടനായകനാരെന്ന ചോദ്യം ഉയര്‍ന്നത്. സിറ്റിങ് എം.പി കൂടിയായ കെ.പി.സി.സി അധ്യക്ഷന്‍ മുതല്‍ മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നു. പക്ഷേ അങ്കം കുറിക്കാന്‍ ആരും സന്നദ്ധരായില്ല. പിന്നെ മൂന്നാം നിരയിലേക്ക് വരെ ചര്‍ച്ച നീണ്ടു. കോര്‍പറേഷന്‍ കൌണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണനില്‍ വരെ ചര്‍ച്ചകള്‍ എത്തി. അപ്പോഴേക്കും അണികള്‍ പൊട്ടിത്തെറിച്ചു. മുല്ലപ്പള്ളിയുടെ വിദ്യ നടക്കില്ലെന്ന് പോസ്റ്റര്‍ ഒട്ടിച്ച് അണികള്‍ തീര്‍ത്തു പറഞ്ഞു.

പിന്നെ കെ.പി.സി.സി സെക്രട്ടറി അഡ്വ പ്രവീണ്‍കുമാറെന്ന് ഉറപ്പിച്ചു. പ്രചാരണം തുടങ്ങാന്‍ വരെ മുല്ലപ്പള്ളിയടക്കമുള്ള നേതാക്കള്‍ നിര്‍ദേശം നല്‍കി. അണികളും ഘടക കക്ഷികളും യു.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച ആര്‍.എം.പിയും തൃപ്തരായില്ല. ലീഗടക്കമുള്ള ഘടക കക്ഷികളും രംഗത്തിറങ്ങി. മുല്ലപ്പള്ളിയില്ലെങ്കില്‍ സുധീരനോ മുരളീധരനോ തന്നെ വേണമെന്ന നിര്‍ദേശവും ഉയര്‍ത്തി. വടകരയില്‍ പി ജയരാജനെ നേരിടാന്‍ ശക്തനായ സ്ഥാനാര്‍ഥിയില്ലെങ്കില്‍ സംസ്ഥാനം മുഴുവന്‍ തലകുനിക്കേണ്ടി വരുമെന്ന് നേതാക്കള്‍ തിരിച്ചറിഞ്ഞു.

Also read: വടകരയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് കെ. മുരളീധരന്‍

മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ ഹൈകമാന്‍ഡിന്‍റെ ശക്തമായ സമ്മര്‍ദ്ദം. രണ്ടാം ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനം തന്നെ അനിശ്ചിതത്വത്തില്‍. എന്നിട്ടും മുതിര്‍ന്ന നേതാക്കള്‍ പോരിന് ഇറങ്ങാന്‍ തയ്യാറായില്ല. പക്ഷേ രണ്ടും കല്‍പിച്ച് കോണ്‍ഗ്രസിന്‍റെ മാനം രക്ഷിച്ച് മുരളീധരന്‍ രക്ഷകനായി. ഒറ്റത്തവണയേ മുരളിയോട് ചോദിക്കേണ്ടി വന്നുള്ളൂ. അപ്പോഴേക്കും മരണ പോരാട്ടത്തിന് അങ്കം കുറിക്കാന്‍ തയ്യാറെന്ന മറുപടി നല്‍കി കഴിഞ്ഞിരുന്നു മുരളീധരന്‍.