LiveTV

Live

Kerala

വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നു; മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദം

ദുര്‍ബലരായ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കരുതെന്ന് മലബാറിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ എ.ഐ.സി.സിക്ക് സന്ദേശം അയച്ചു. ശക്തരായ സ്ഥാനാര്‍ഥികളെ പരിഗണിക്കാത്തതില്‍ ആര്‍.എം.പി അതൃപ്തി അറിയിച്ചു.

വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം വൈകുന്നു;  മത്സരിക്കാന്‍ മുല്ലപ്പള്ളിക്ക് മേല്‍ സമ്മര്‍ദം

വടകരയില്‍ മത്സരിക്കാന്‍ സിറ്റിങ് എം.പി മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ സമ്മര്‍ദ്ദം ശക്തമാകുന്നു. ദുര്‍ബലരായ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മലബാറിലെ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ എ.ഐ.സി.സിക്ക് സന്ദേശം അയച്ചു. ശക്തരായ സ്ഥാനാര്‍ഥികളെ പരിഗണിക്കാത്തതില്‍ അതൃപ്തി അറിയിച്ച് ആര്‍.എം.പിയും രംഗത്തെത്തി.

കെ.പി.സി.സി സെക്രട്ടറി അഡ്വ പി. പ്രവീണ്‍കുമാറിനെ വടകരയില്‍ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കേരള നേതാക്കള്‍ക്കിടയിലെ ധാരണ. പ്രചാരണം തുടങ്ങാനുള്ള ആദ്യ നിര്‍ദേശം ഇതിനിടയില്‍ മുല്ലപ്പള്ളിയും ചെന്നിത്തലയും പ്രവീണിന് കൈമാറി. ഇതെല്ലാം പുറത്ത് വന്നതിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ തന്നെ വീണ്ടും വടകരയില്‍ മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ആദ്യം സ്വരം കടുപ്പിച്ചത് ആര്‍.എം.പി. മുല്ലപ്പള്ളിയില്ലെങ്കില്‍ പിന്തുണ പുനപ്പരിശോധിക്കുമെന്ന് ആര്‍.എം.പി കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു.

പിന്നാലെ കേരളത്തിലുള്ള മുതിര്‍ന്ന നേതാക്കള്‍ വിവരം മുകുള്‍ വാസ്നികിന് കൈമാറി. ഇതോടെ വീണ്ടും ചര്‍ച്ചകള്‍. ഇതിനിടയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുല്ലപ്പള്ളിയെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഫാക്സും ഇമെയിലുകളും എ.ഐ.സി.സിക്ക് അയച്ചു. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന നിലപാടില്‍ മുല്ലപ്പള്ളി ഉറച്ച് നിന്നു. ആര്‍.എം.പിയെ അനുനയിപ്പിക്കാനും ഇതിനിടയില്‍ മുല്ലപ്പള്ളി ക്യാംപില്‍ നിന്ന് ശ്രമങ്ങള്‍ ഉണ്ടായി. ഇതോടെ ചര്‍ച്ചകള്‍ വീണ്ടും പ്രവീണ്‍കുമാറില്‍ തന്നെ ചുറ്റിപ്പറ്റി. ഇനി ഹൈകമാന്‍ഡാണ് അന്തിമ തീരുമാനം എടുക്കുക.

വയനാട് ടി സിദ്ദിഖ് സ്ഥാനാര്‍ഥിയായേക്കും. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും മത്സരിക്കുമെന്ന് ഉറപ്പായി. ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടാന്‍ ലഭിച്ച അവസരത്തെ പൊതുപ്രവര്‍ത്തന രംഗത്ത് ലഭിച്ച അംഗീകാരമായി കണക്കാക്കുന്നുവെന്ന് അടൂര്‍ പ്രകാശ് ഫേസ് ബുക്കില്‍ കുറിച്ചു.

Also read: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പ്രചാരണം തുടങ്ങി

Also read: സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് തര്‍ക്കം കോണ്‍ഗ്രസിന് തലവേദനയാകുന്നു