LiveTV

Live

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് തര്‍ക്കം കോണ്‍ഗ്രസിന് തലവേദനയാകുന്നു 

സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് പ്രവര്‍ത്തകരുടെ മനസു മടുപ്പിച്ചെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കുറ്റപ്പെടുത്തി

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ ഗ്രൂപ്പ് തര്‍ക്കം കോണ്‍ഗ്രസിന് തലവേദനയാകുന്നു 

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനിടയിലെ ഗ്രൂപ്പ് തര്‍ക്കം കോണ്‍ഗ്രസിന് തലവേദനയാകുന്നു. വയനാട് സീറ്റിനായി എ-ഐ ഗ്രൂപ്പുകള്‍ വാശിപിടിച്ചതാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളാന്‍ കാരണം. സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയത് പ്രവര്‍ത്തകരുടെ മനസു മടുപ്പിച്ചെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ കുറ്റപ്പെടുത്തി.

പതിവില്‍ നിന്നും വ്യത്യസ്തമായി ഗ്രൂപ്പുകള്‍ സമവായത്തോടെയാണ് സ്ഥാനാര്‍ത്ഥി പാനലുമായി നേതാക്കള്‍ ഡല്‍ഹിയിലേക്ക് പോയത്. ഭൂരിഭാഗം സീറ്റുകളിലും സമവായത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തുകയും ചെയ്തു. എന്നാല്‍ വയനാട് സീറ്റിലെത്തിയതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു. ഐ ഗ്രൂപ്പില്‍ നിന്ന് അവകാശമുള്ള സീറ്റില്‍ എ ഗ്രൂപ്പ്, ടി സിദ്ധീഖിനായി വാശി പിടിച്ചതോടെയാണ് ഗ്രൂപ്പ് തര്‍ക്കം സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രകടമായത്.

വയനാട് നല്‍കിയാല്‍ ഇടുക്കി വേണമെന്ന നിലപാടെടുത്തു ഐ ഗ്രൂപ്പ്. ഇതിനിടയില്‍ ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമായെങ്കിലും വയനാട്ടില്‍ തര്‍ക്കം തുടര്‍ന്നു. ഷാനിമോള്‍ ഉസ്മാന്‍, കെ.പി അബ്ദുല്‍ മജീദ് തുടങ്ങിയവരുടെ പേരാണ് ഐ ഗ്രൂപ്പ് മുന്നോട്ട് വെച്ചത്. വിജയസാധ്യതയാണ് ഇരു വിഭാഗവും തങ്ങളുടെ നിര്‍ദേശങ്ങള്‍ക്ക് അടിസ്ഥാനമായി പറഞ്ഞത്. ഒടുവില്‍ അന്തിമ ധാരണയെത്തിയെങ്കിലും ഗ്രൂപ്പ് തര്‍ക്കത്തിന്‍റെ നിഴല്‍ പതിഞ്ഞതാകും ആ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്ന അവസ്ഥയിലായി. ഇത് മറികടക്കാന്‍ വയനാട്ടിലെ സ്ഥാനാര്‍ത്ഥിയെ ഹൈകമാന്‍ഡ് പ്രഖ്യാപിക്കട്ടെ എന്ന തീരുമാനത്തിലാണ് അവസാനം നേതാക്കള്‍ എത്തിയത്.

ഗ്രൂപ്പ് തര്‍ക്കം കോണ്‍ഗ്രസില്‍ പതിവാണെങ്കിലും ഈ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രധാന്യം ഉള്‍കൊണ്ട് തര്‍ക്കങ്ങളൊഴിവാക്കി പോകാനായിരുന്നു നേതാക്കള്‍ക്കിടയിലുണ്ടായിരുന്ന ധാരണ. എന്നാല്‍ അവസാന ഘട്ട ചര്‍ച്ചയില്‍ എല്ലാ ധാരണയും പാളി. ഗ്രൂപ്പ് തര്‍ക്കത്തില്‍ യു.ഡി.എഫ് ക്യാമ്പിലുണ്ടായ നിരാശ പങ്കുവെക്കുന്നതായിരുന്നു കെ.പി സി.സി മുന്‍ അദ്ധ്യക്ഷന്‍ വി.എം സുധീരന്‍റെ വാക്കുകള്‍.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ ഗ്രൂപ്പ് തര്‍ക്കം തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതാക്കളും അണികളും പങ്കുവെക്കുന്നുണ്ട്.