LiveTV

Live

Kerala

പ്രീതാ ഷാജിയും കുടുംബവും സാമൂഹ്യസേവനം ചെയ്യണമെന്ന് ഹൈക്കോടതി 

സാമൂഹ്യ സേവനം എന്തായിരിക്കണമെന്ന് ജില്ലാ കലക്ടർ നാളെ അറിയിക്കണം.

പ്രീതാ ഷാജിയും കുടുംബവും സാമൂഹ്യസേവനം ചെയ്യണമെന്ന് ഹൈക്കോടതി 

വീടും പുരയിടവും ലേലത്തിൽ എടുത്തയാൾക്ക് വിട്ടുനൽകണമെന്ന മുൻ ഉത്തരവ് ലംഘിച്ച പ്രീത ഷാജിയും കുടുംബവും സാമൂഹ്യ സേവനം ചെയ്യണമെന്ന് ഹൈക്കോടതി. സാമൂഹ്യ സേവനം എന്തായിരിക്കണമെന്ന് ജില്ലാ കലക്ടർ നാളെ അറിയിക്കണം. വിധി പരസ്യമായി ലംഘിച്ചത് അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കോടതി നടപടികളെ ധിക്കരിച്ച പ്രീതയുടെ നടപടി സമൂഹത്തിന് നല്ല സന്ദേശമല്ല നൽകുന്നതെന്ന് കോടതി വിമർശിച്ചു. വീട് ഒഴിഞ്ഞു കൊടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സമരം ചെയ്ത നടപടി നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളി ആണെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശിക്ഷ എന്ന നിലയിൽ പ്രീതയെക്കൊണ്ട് സാമൂഹ്യ സേവനം ചെയ്യിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എറണാകുളം ജില്ലാ കളക്ടർ പ്രീതയെകൊണ്ട് ഏത് ജോലി ചെയ്യിക്കാൻ കഴിയുമെന്ന് നാളെ അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു.

കോടതി ഉത്തരവ് അനുസരിക്കാതിരുന്നതിന് ക്ഷമ ചോദിക്കുന്നതായി പ്രീത ഷാജി കോടതിയെ അറിയിച്ചു. കോടതി നടപടികളെ ധിക്കരിച്ചത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. തെറ്റ് ചെയ്തിട്ട് പിന്നീട് മാപ്പ് പറഞ്ഞിട്ട് കാര്യം ഇല്ലെന്ന് കോടതി പറഞ്ഞു. പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. പക്ഷെ നിയമലംഘനം അംഗീകരിക്കാന്‍ ആകില്ല. നിയമവിരുദ്ധത ഭാവിയില്‍ തെളിയിക്കാം എന്നു കരുതി ഇപ്പോള്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.