LiveTV

Live

Kerala

ആലഞ്ചേരിയെ അപമാനിക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസ്: ഫാ. പോള്‍ തേലക്കാട്ടിനെതിരെ എഫ്.ഐ.ആര്‍

സീറോ മലബാര്‍സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ടിനെതിരെ ഇന്നലെയാണ് തൃക്കാക്കര പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

ആലഞ്ചേരിയെ അപമാനിക്കാന്‍ വ്യാജരേഖയുണ്ടാക്കിയെന്ന കേസ്: ഫാ. പോള്‍ തേലക്കാട്ടിനെതിരെ എഫ്.ഐ.ആര്‍

എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിൽ സീറോ മലബാര്‍ സഭയില്‍ വീണ്ടും വിവാദം. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനാക്കി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് സഭ നല്‍കിയ പരാതിയില്‍ ഫാദര്‍ പോള്‍ തേലക്കാട്ടിനെതിരെ പൊലീസ് കേസെടുത്തു. അതേസമയം വ്യാജരേഖയുടെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയതെന്നും പോള്‍ തേലക്കാട്ടിനെതിരെ പരാതി നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

സീറോ മലബാര്‍സഭാ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ടിനെതിരെ ഇന്നലെയാണ് പൊലീസ് എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരില്‍ വ്യാജ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ തയാറാക്കി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് പോള്‍ തേലക്കാട്ടിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. സഭക്ക് വേണ്ടി ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ ഫാദര്‍ ജോബി മാപ്രക്കാവലാണ് പരാതി നല്‍കിയത്. കഴിഞ്ഞ ജനുവരി ഏഴു മുതല്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സിനഡിലാണ് സീറോ മലബാര്‍ സഭയുടെ ഉന്നതാധികാരി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്‌റ്റേറ്റ്മെന്റുകള്‍ സമര്‍പ്പിച്ചതെന്ന് പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ഫാ.പോള്‍ തേലക്കാടിന്റെ പ്രതികരണം. ഫാ.പോള്‍ തേലക്കാട്ടിനെതിരെ സഭ നേതൃത്വം കെട്ടിച്ചമച്ച കേസാണെന്ന് ആരോപിച്ച് സഭ സുതാര്യത സമിതി നേതാക്കളും രംഗത്തെത്തിയിരുന്നു. സംഭവം വിവാദമായതോടെയാണ് സഭാ നേതൃത്വം വിശദീകരണക്കുറിപ്പുമായി രംഗത്തെത്തിയത്. കര്‍ദിനാളിനെതിരെ ഫാ പോള്‍ തേലക്കാട് വ്യാജരേഖ നല്‍കിയെന്നാരോപിച്ച് പരാതി നല്‍കിയിട്ടില്ലെന്നും ലഭിച്ച രേഖകള്‍ക്കെതിരെ മാത്രമാണ് പരാതി നല്‍കിയതെന്നുമാണ് സഭ വ്യക്തമാക്കുന്നത്. അതേസമയം ബിഷപ്പ് ജേക്കബ് മനത്തോടത്തിന് വ്യാജരേഖ നല്‍കിയത് ഫാ.പോള്‍ തേലക്കാടാണെന്ന വിവരം പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും സഭ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഫാദര്‍ പോള്‍ തേലക്കാട്ടിനെ സത്യദീപം പത്രാധിപസ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ രംഗത്തെത്തിയിരുന്നു.