LiveTV

Live

Kerala

ബി.ജെ.പിയില്‍ കലഹം പത്തനംതിട്ടയെ ചൊല്ലി; ആറ്റിങ്ങലില്‍ പരിഗണിക്കുന്നതില്‍ സുരേന്ദ്രന് അമര്‍ഷം

പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ സുരേന്ദ്രനെ ആറ്റിങ്ങലിലും അല്‍ഫോൻസ് കണ്ണന്താനത്തെ കൊല്ലത്തും പരിഗണിക്കാനാണ് പുതിയ തീരുമാനം

ബി.ജെ.പിയില്‍ കലഹം പത്തനംതിട്ടയെ ചൊല്ലി; ആറ്റിങ്ങലില്‍ പരിഗണിക്കുന്നതില്‍ സുരേന്ദ്രന് അമര്‍ഷം

പുതുക്കിയ സ്ഥാനാർഥി പട്ടികയിൽ ബി.ജെ.പിക്കുള്ളിൽ തർക്കം രൂക്ഷം. ആറ്റിങ്ങലിൽ പരിഗണിക്കുന്നതിനെതിരെ കെ. സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ എതിര്‍പ്പറിയിച്ചതായാണ് സൂചന. തൃശൂര്‍ സീറ്റിന്റെ കാര്യത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് സമിതി അന്തിമ തീരുമാനമെടുക്കുമെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. തെരഞ്ഞെടുപ്പ് സമിതി നാളെ യോഗം ചേരും.

പത്തനംതിട്ടയിലെ സ്ഥാനാർഥി നിർണയത്തിലാണ് ബി.ജെ.പിയിൽ കലഹം രൂക്ഷമായിരിക്കുന്നത്. പത്തനംതിട്ടയ്ക്ക് വേണ്ടി രംഗത്ത് ഉണ്ടായിരുന്ന കെ സുരേന്ദ്രനെ ആറ്റിങ്ങലിലും അല്‍ഫോൻസ് കണ്ണന്താനത്തെ കൊല്ലത്തും പരിഗണിക്കാനാണ് പുതിയ തീരുമാനം. ഈ ലിസ്റ്റ് കേന്ദ്രത്തിന് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ കടുത്ത അമർഷത്തിലാണ്. പത്തനംതിട്ടയും തൃശൂരും ഇല്ലെങ്കിൽ മത്സരിക്കാൻ ഇല്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ. അൽഫോൻസ് കണ്ണന്താനവും ഇതേ നിലപാട് അറിയിച്ചിട്ടുണ്ട്. മണ്ഡലത്തിൽ സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയാണ് പിടിമുറുക്കിയിരിക്കുന്നത്. പത്തനംതിട്ടയിലെ സ്ഥാനാർഥി നിർണയത്തിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ ആരും പ്രതിഷേധിക്കില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

തൃശൂർ വിട്ടുനൽകില്ലെന്ന് ബി.ഡി.ജെ.എസ് നേരത്തെ ബി.ജെ.പിയെ അറിയിച്ചിരുന്നു. മണ്ഡലത്തിൽ തുഷാർ തന്നെ മത്സരിക്കും എന്നാണ് വിവരം.. എന്നാൽ തൃശൂരിന്റെ കാര്യത്തിൽ തുഷാർ-അമിത് ഷാ കൂടി കാഴ്ചയ്ക്ക് ശേഷമേ തീരുമാനം ഉണ്ടാകൂ എന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്‌ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, എം.ടി രമേശ് എന്നിവർ സ്ഥാനാർഥികൾ ആകില്ല. അതേസമയം ബി.ജെ.പിയിലേക്ക് വരാൻ പലരും തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ടോം വടക്കൻ പറഞ്ഞു.