LiveTV

Live

Kerala

പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ശ്രീധരന്‍പിള്ള

ബി.ഡി.ജെ.എസ് മണ്ഡലം വിട്ട് നല്‍കിയാല്‍ തൃശൂരില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ഥി ആകും.

പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച്  ശ്രീധരന്‍പിള്ള

പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ബി.ഡി.ജെ.എസ് മണ്ഡലം വിട്ട് നല്‍കിയാല്‍ തൃശൂരില്‍ കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ഥി ആകും. വിഷയത്തില്‍ തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് അമിത് ഷായുമായി ചര്‍‌ച്ച നടത്തും. കേരളത്തിലേതടക്കം ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് ഇറങ്ങിയേക്കും.

ദേശീയ ആസ്ഥാനത്ത് ഇന്നലെ അര്‍‌ദ്ധരാത്രി 12 മണി വരെ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലും ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാര്‍‌ഥി പട്ടിക അന്തിമമായില്ല. കേരളത്തില്‍ പത്തനംതിട്ടക്കായിരുന്നു വടംവലി. ചര്‍ച്ചക്കൊടുവില്‍‌ മേല്‍ക്കൈ കിട്ടിയത് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍‌പിള്ളക്ക്. ഒരു ദിവസം മുന്‍പ് വരെ മണ്ഡലത്തില്‍ ഏറ്റവും അധികം സാധ്യത കല്‍പിക്കപ്പെട്ട സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ തൃശൂരില്‍ മത്സരിപ്പിക്കാനാണ് ദേശീയ നേതൃത്വത്തിന്‍റെ ആലോചന. ഇക്കാര്യത്തില്‍ സുരേന്ദ്രന് അമര്‍ഷമുണ്ട്. ബി.ഡി.ജെ.എസ്സിന് അനുവദിച്ച മണ്ഡലമാണ് തൃശൂർ. ഈ സാഹചര്യത്തിൽ മണ്ഡലങ്ങൾ വച്ച് മാറുന്നതടക്കം ചർച്ച ചെയ്യാൻ ഇന്ന് അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി ദേശീയ നേതാക്കളുമായി ഡൽഹിയിൽ തുഷാർ വെള്ളാപ്പള്ളി ചർച്ച നടത്തും.

പാലക്കാട് മണ്ഡലത്തില്‍ ശോഭാ സുരേന്ദ്രന് പകരം നഗരസഭാ വൈസ് ചെയര്‍മാനും സംസ്ഥാന സെക്രട്ടറിയുമായ കൃഷ്ണകുമാര്‍ സ്ഥാനാര്‍ഥി ആകും‍. ശോഭയെ ആറ്റിങ്ങല്‍ പരിഗണിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്‍റെ തീരുമാനം. ടോം വടക്കന്‍റെ പേരും കേരളത്തിലെ പട്ടികയുടെ ചര്‍ച്ചയില്‍ ഇടം നേടിയിട്ടുണ്ട്. ചാലക്കുടിയാണ് സാധ്യത.