LiveTV

Live

Kerala

ഇരുമുന്നണികള്‍ക്കും മികച്ച സ്ഥാനാര്‍ഥികള്‍; എറണാകുളത്തെ പോരാട്ടം പ്രവചനാതീതം 

പി.രാജീവിനെ ഇടതുമുന്നണി രംഗത്തിറക്കിയപ്പോള്‍ തന്നെ മത്സരം തീപാറുമെന്ന് ഉറപ്പായിരുന്നു. കോണ്‍ഗ്രസ് ഹൈബി ഈഡനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ മണ്ഡലം പ്രവചനങ്ങള്‍ക്ക് അതീതമായി മാറിയിരിക്കുകയാണ്

ഇരുമുന്നണികള്‍ക്കും മികച്ച സ്ഥാനാര്‍ഥികള്‍; എറണാകുളത്തെ പോരാട്ടം പ്രവചനാതീതം 

എറണാകുളം മണ്ഡലത്തില്‍ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടത്തില്‍ തീപാറുമെന്ന് ഉറപ്പ്. ഏറ്റവും അനുയോജ്യരായ സ്ഥാനാര്‍ഥികളെയാണ് മണ്ഡലത്തിലേക്ക് നിയോഗിച്ചതെന്നാണ് ഇരുമുന്നണികളുടെയും പ്രവര്‍ത്തകരുടെ വികാരം. കോണ്‍ഗ്രസിന് മേല്‍ക്കൈയുണ്ടെന്ന് വിലയിരുത്തപ്പെടുന്ന മണ്ഡലം ഇത്തവണ പ്രവചനാതീതമാണ്.

മുന്‍രാജ്യസഭ എം.പിയും ദീര്‍ഘകാലം സി.പി.എം ജില്ലാസെക്രട്ടറിയും ആയിരുന്ന പി.രാജീവിനെ ഇടതുമുന്നണി രംഗത്തിറക്കിയപ്പോള്‍ തന്നെ മത്സരം തീപാറുമെന്ന് ഉറപ്പായിരുന്നു. പാര്‍ട്ടിയുടെയും പോഷകസംഘടനകളുടെയും എല്ലാ ഘടകങ്ങളും പൂര്‍ണമായി തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങി കഴിഞ്ഞു. സിറ്റിങ് എം.പി കെ.വി തോമസാണ് സ്ഥാനാര്‍ഥിയെങ്കില്‍ പി. രാജീവിന്റെ വിജയം എളുപ്പമാകുമെന്ന് ഇടതുമുന്നണി വിലയിരുത്തുകയും ചെയ്തു. പക്ഷേ കെ.വി തോമസിനെ തഴഞ്ഞ് ഹൈബി ഈഡനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ മണ്ഡലം പ്രവചനങ്ങള്‍ക്ക് അതീതമായി മാറിയിരിക്കുകയാണ്. പിതാവ് ജോര്‍ജ് ഈഡന്‍ രണ്ട് തവണ എം.പിയായിരുന്ന മണ്ഡലത്തില്‍ നിന്നാണ് ഹൈബിയും പോരിന് ഇറങ്ങുന്നത്.

മണ്ഡലത്തില്‍ എം.പിയായിരിക്കെയാണ് ജോര്‍ജ് ഈഡന്‍ മരണപ്പെടുന്നതും. കെ.വി തോമസിനെ ഒഴിവാക്കണമെന്ന സാധാരണ പ്രവര്‍ത്തകരുടെ വികാരം ഹൈകമാന്‍ഡ് അംഗീകരിച്ചതോടെ യു.ഡി.എഫ് ക്യാമ്പ് തികഞ്ഞ പ്രതീക്ഷയിലാണ്. മണ്ഡലത്തിന്റെ സാമുദായിക പരിഗണനയും അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. പക്ഷേ പി രാജീവിലൂടെ ഇതെല്ലാം മറികടക്കാന്‍ കഴിയുമെന്നതാണ് എല്‍ഡിഎഫ് കണക്ക്കൂട്ടല്‍. ഏതായാലും യു.ഡി.എഫ് മണ്ഡലമെന്ന് വിലയിരുത്തപ്പെടുന്ന എറണാകുളം മണ്ഡലം ആരുടെയൊപ്പമെന്നത് പ്രവചിക്കാനാവാത്ത മത്സരത്തിനാണ് ഇത്തവണത്തെ ലോക്സഭ തെരഞ്ഞെടുപ്പ് കളമൊരുങ്ങുന്നത്.

Also read: കോണ്‍ഗ്രസ് 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; നാലിടത്തെ പ്രഖ്യാപനം വൈകും