LiveTV

Live

Kerala

മത്സരിക്കുന്നതില്‍ നിന്ന് തന്നെ മനപ്പൂര്‍വം മാറ്റി നിര്‍ത്തിയെന്ന് പി.ജെ ജോസഫ്

യു.ഡി.എഫിനൊപ്പം നിന്ന് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനായി പോരാട്ടം തുടരുമെന്നും ജോസഫ് പറഞ്ഞു.

 മത്സരിക്കുന്നതില്‍ നിന്ന് തന്നെ മനപ്പൂര്‍വം മാറ്റി നിര്‍ത്തിയെന്ന് പി.ജെ ജോസഫ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് തന്നെ മനപ്പൂര്‍വം മാറ്റി നിര്‍ത്തിയെന്ന് പി.ജെ ജോസഫ്. തന്നോടും ജോസ് കെ മാണിയോടും പാര്‍ട്ടി നേതൃത്വം ഇരട്ട നീതി കാണിച്ചു. യു.ഡി.എഫിനൊപ്പം നിന്ന് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിനായി പോരാട്ടം തുടരുമെന്നും ജോസഫ് പറഞ്ഞു. മത്സരിക്കാനുറച്ച് ഇറങ്ങിയ പി.ജെ എല്ലാ നീക്കങ്ങളും നിര്‍വീര്യമായതോടെയാണ് നിലപാട് മയപ്പെടുത്തിയത്.

ഇടുക്കിയില്‍ തട്ടി ചര്‍ച്ചകള്‍ വഴിമുട്ടിയപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി കൈ അടയാളമാണ് ജോസഫിന് മുമ്പില്‍ വച്ചത്. വളര്‍ത്തി വലുതാക്കിയ കേരളാ കോണ്‍ഗ്രസിനെ തഴഞ്ഞ് മറ്റൊരു ചിഹ്നത്തില്‍ മല്‍സരിക്കില്ലെന്ന നിലപാട് ജോസഫ് കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചു. ഇതോടെ പി.ജെയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അധ്യായം അടഞ്ഞു.

തുടര്‍ന്നും യു.ഡി.എഫിലും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയിലും ഉറച്ച് നില്‍ക്കുമെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. തന്‍റെ സ്ഥാനാര്‍ഥിത്വം പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ തീരുമാനിച്ച ശേഷം പിന്നീട് ചിലര്‍ അട്ടിമറിച്ചുവെന്ന് പി.ജെ ജോസഫ് വ്യക്തമാക്കി. ഇത്തരം തെറ്റായ കീഴ്‍വഴക്കങ്ങള്‍ക്കെതിരെ പാര്‍ട്ടിയില്‍ പോരാടും.

ജോസ് കെ മാണിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പി.ജെ ജോസഫ് തുടര്‍ന്ന് സജീവമാകുമെന്ന് വരികള്‍ക്കിടയില്‍ വ്യക്തമാണ്. മാണി വിഭാഗത്തിലെ അസംതൃപ്തരെ കൂടെ കൂട്ടുന്നതിനൊപ്പം പഴയ ജോസഫ് വിഭാഗത്തെ പൊടിതട്ടിയെടുക്കാനുമാകും പാര്‍ട്ടിക്കുള്ളില്‍ നിന്ന് ഇനി ജോസഫിന്‍റെ നീക്കം.