LiveTV

Live

Kerala

മഞ്ചേശ്വരത്ത് വോട്ടർപട്ടികയില്‍ ബി.ജെ.പി അഴിമതി നടത്തുന്നതായി ആരോപണം

റസിഡന്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വില്ലേജ് അധികൃതര്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയാണ് എന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.

മഞ്ചേശ്വരത്ത് വോട്ടർപട്ടികയില്‍ ബി.ജെ.പി അഴിമതി നടത്തുന്നതായി ആരോപണം

മഞ്ചേശ്വരം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി യു.ഡി.എഫ്. മഞ്ചേശ്വരം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വോട്ടർപട്ടികയില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നാണ് ആരോപണം.

2018 ഒക്ടോബര്‍ മുതല്‍ നവംബര്‍ 15 വരെയുള്ള സമയങ്ങളില്‍ ചേര്‍ത്തതിനേക്കാള്‍ കൂടുതല്‍ പേരുകള്‍ അടുത്തിടെയുള്ള ദിവസങ്ങളില്‍ വോട്ടർപട്ടികയില്‍ ചേര്‍ത്തുവെന്നാണ് യു.ഡി.എഫ് ആരോപണം. എന്‍മകജെ, മീഞ്ച, പഞ്ചായത്തുകളില്‍ വ്യാപകമായി വോട്ട് ചേര്‍ക്കപ്പെട്ടു. അതിര്‍ത്തിക്കപ്പുറത്തുള്ള ആളുകളെയാണ് ഇത്തരത്തില്‍ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തത്. ഇതിനായി റസിഡന്റ് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വില്ലേജ് അധികൃതര്‍ ബി.ജെ.പിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയാണ് എന്നും യു.ഡി.എഫ് നേതാക്കള്‍ ആരോപിക്കുന്നു.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടപടികള്‍ നടക്കുന്നതിനിടെ മഞ്ചേശ്വരത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് രാഷ്ട്രീയ ധ്വംസനമാണ് നടക്കുന്നതെന്നും യു.ഡി.എഫ് ആരോപിച്ചു. ഉപതെരഞ്ഞടുപ്പില്‍ രാഷ്ട്രീയ അഴിമതി നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നത്. വോട്ടര്‍പ്പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയ ഘട്ടത്തില്‍ ഒന്നരമാസത്തിനിടെ മഞ്ചേശ്വരം മണ്ഡലത്തില്‍ മാത്രം 6355 വോട്ടുകള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. അതിന് പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ 6000ല്‍പ്പരം വോട്ടുകള്‍ ചേര്‍ത്തുവെന്നാണ് ആരോപണം.