LiveTV

Live

Kerala

മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്ത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കി മുഖ്യമന്ത്രി

10 വീതം മണ്ഡലങ്ങളിലാണ് പിണറായിയും കോടിയേരിയും നേരിട്ട് പ്രവര്‍ത്തനം വിലയിരുത്തുന്നത്.

മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍  പങ്കെടുത്ത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കി മുഖ്യമന്ത്രി

മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ നേരിട്ട് പങ്കെടുത്ത് തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കി മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. 10 വീതം മണ്ഡലങ്ങളിലാണ് പിണറായിയും കോടിയേരിയും നേരിട്ട് പ്രവര്‍ത്തനം വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്‍റെ കൂടി വിലയിരുത്തലാകുമെന്ന കണക്ക്കൂട്ടലിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി എന്ന നിലയിലുള്ള തിരക്കുകള്‍ക്കിടയിലും പ്രചാരണത്തിന്‍റെ വിലയിരുത്തല്‍ പിണറായി നടത്തുന്നത്.

ജില്ലകളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കും പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ ചുമതല സംസ്ഥാന സമിതി അംഗങ്ങള്‍ക്കുമാണ് സി.പി.എം നല്‍കിയത്. ഇതിനു പുറമെയാണ് 10 മണ്ഡലങ്ങളില്‍ വീതം പിണറായിയും കോടിയേരിയും നേരിട്ട് പ്രവര്‍ത്തനം വിലയിരുത്തുന്നത്. ചില മണ്ഡലം കമ്മിറ്റി യോഗങ്ങളില്‍ ഇരുവരും ഒരുമിച്ച് പങ്കെടുക്കും. ഇന്നലെ ആറ്റിങ്ങല്‍ മണ്ഡലം കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത പിണറായിയും കോടിയേരിയും പ്രവര്‍ത്തനം വിലയിരുത്തി. വിജയം ഉറപ്പെങ്കിലും അമിത ആത്മവിശ്വാസം പാടില്ലെന്നാണ് നേതാക്കള്‍ക്ക് മുഖ്യമന്ത്രി നല്‍കിയ മുന്നറിയിപ്പ്. കൊല്ലത്തും മണ്ഡലം കമ്മിറ്റി യോഗത്തില്‍ പിണറായി പങ്കെടുത്തു. ശബരിമല അടക്കമുള്ള വിഷയങ്ങള്‍ കേരളം സജീവമായി ചര്‍ച്ച ചെയ്ത് സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് ബോധ്യപ്പെടുത്തേണ്ട ബാധ്യത സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമുണ്ട്. അതുകൊണ്ട് തന്നെയാണ് വലിയ തിരക്കുകള്‍ക്കിടയിലും മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.

അതിനിടെ പാര്‍ലമെന്റ്, നിയോജക മണ്ഡലം കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാക്കി ഇടത് മുന്നണി പ്രചരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ഈ മാസം 22നുള്ളില്‍ ബൂത്ത് കണ്‍വെന്‍ഷനുകള്‍ തീര്‍ക്കും. തുടര്‍ന്ന് ഇടതുമുന്നണി സ്‌ക്വാഡ് പ്രവര്‍ത്തനത്തിലേക്കും കുടുംബയോഗങ്ങളിലേക്കും കടക്കും. ഇതിലും പ്രധാന നേതാക്കള്‍ പങ്കെടുക്കും. മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളിലൊക്കെ ഇതിനകം സ്ഥാനാര്‍ഥികള്‍ ഒരു തവണ സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞു.