LiveTV

Live

Kerala

അട്ടപ്പാടിയില്‍ കാട്ടുതീ; ആയിരം ഹെക്ടര്‍ വനം കത്തിനശിച്ചു

നിലവില്‍ ആയിരം ഹെക്ടറോളം വനഭൂമിയില്‍ തീപടര്‍ന്നതായാണ് വനം വകുപ്പ് കണക്ക്. ഇനിയും തീ പടര്‍ന്നാല്‍ സൈലന്‍റ് വാലി ദേശീയ ഉദ്യാനത്തിന്‍റെ ഭാഗങ്ങളും കത്തിനശിക്കും.

അട്ടപ്പാടിയില്‍ കാട്ടുതീ; ആയിരം ഹെക്ടര്‍ വനം കത്തിനശിച്ചു

അട്ടപ്പാടിയില്‍ കാട്ടു തീ. ആയിരം ഹെക്ടറോളം വനത്തിലാണ് തീ പടര്‍ന്ന് പിടിച്ചത്. തമിഴ്നാട് അതിര്‍ത്തിയായ മഞ്ചൂരിലാണ് ആദ്യം കാട്ടുതീ കണ്ടത്. പിന്നീട് തമിഴ്നാടിന്‍റെയും, കേരളത്തിന്‍റെയും ഭാഗങ്ങളിലേക്ക് തീപടര്‍ന്നു. ചെമ്മണൂര്‍ ഭാഗത്തും മല്ലിശ്വരം മുടിയിലും കാട്ടു തീ പടര്‍ന്നു. കൃഷ്ണവനത്തിന്‍റെ ഭാഗങ്ങളും അഗ്നിക്കിരയായി. നിലവില്‍ ആയിരം ഹെക്ടറോളം വനഭൂമിയില്‍ തീപടര്‍ന്നതായാണ് വനം വകുപ്പ് കണക്ക്. ഇനിയും തീ പടര്‍ന്നാല്‍ സൈലന്‍റ് വാലി ദേശീയ ഉദ്യാനത്തിന്‍റെ ഭാഗങ്ങളും കത്തിനശിക്കും.

ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ക്ക് വാഹനങ്ങളുമായി കാട്ടിലേക്ക് എത്തിപ്പെടാന്‍ പോലും കഴിയാത്ത സാഹചര്യം നിലവിലുണ്ട്. കോയമ്പത്തൂരില്‍ നിന്നും നേവിയുടെ ഹെലികോപ്റ്ററെത്തി തീയണക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപെട്ടു. കൂടുതല്‍ ഹെലികോപ്റ്ററുകളെത്തിച്ച് തീയണക്കാനുള്ള ശ്രമം തുടരും. കാഞ്ഞീരപ്പുഴ ഡാമില്‍നിന്നും വെള്ളം ശേഖരിച്ചാണ് തീയണക്കാനുള്ള ശ്രമം തുടരുന്നത്. സൈലന്‍റ് വാലിയില്‍ പരിശീലനത്തിലുള്ള വാച്ചര്‍മാരെയും തീയണക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമാക്കിയിട്ടുണ്ട്.