LiveTV

Live

Kerala

പെരിയാറില്‍ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍; എങ്ങുമെത്താതെ ദുരൂഹമരണ കേസുകള്‍

അടുത്തകാലത്ത് പെരിയാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.

പെരിയാറില്‍ ഒഴുകിയെത്തുന്ന മൃതദേഹങ്ങള്‍; എങ്ങുമെത്താതെ ദുരൂഹമരണ കേസുകള്‍

ആലുവ കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും പ്രതികളെ പിടികൂടാനാകാതെ പൊലീസ്. അടുത്തകാലത്ത് പെരിയാറില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ആരുടേതാണെന്ന് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു എന്ന മറുപടി മാത്രമാണ് പൊലീസിന്റെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

പെരിയാറില്‍ കൊലചെയ്യപ്പെട്ട നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി ഒരുമാസം പിന്നിടുമ്പോഴും മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കൊലപാതകവുമായി ബന്ധപ്പെട്ട ചില തെളിവുകള്‍ ശേഖരിച്ചതല്ലാതെ കൊന്നതാരാണെന്നും വ്യക്തമായില്ല. മൃതദേഹം പൊതിഞ്ഞ പുതപ്പിലെ ബാര്‍കോഡ് പരിശോധിച്ച് കളമശേരിയിലെ തുണിക്കട കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പുതപ്പ് വാങ്ങിയത് സ്ത്രീയും പുരുഷനും ചേര്‍ന്നാണെന്ന് വ്യക്തമായിരുന്നു. എന്നാല്‍ ഇവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കൊല്ലപ്പെട്ടത് ഇതരസംസ്ഥാനത്തുളള യുവതിയാണെന്ന സംശയം നേരത്തേ ഉയര്‍ന്നിരുന്നു. കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ച് തുടക്കത്തില്‍ അന്വേഷണം നടത്തിയിരുന്നുവെങ്കിലും നിലവില്‍ അന്വേഷണം നിലച്ച മട്ടാണ്. കഴിഞ്ഞ ദിവസം പെരിയാറില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹവും ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതും കൊലപാതകമാണെന്ന സംശയമാണ് ഉയരുന്നത്. പെരിയാറില്‍ നേരത്തേയും അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പലതിന്റെയും അന്വേഷണം എങ്ങുമെത്തിയില്ല.

ആലുവയില്‍ വനിതാ ഡോക്ടറെ കെട്ടിയിട്ട് നാടിനെ നടുക്കിയ വന്‍ കവര്‍ച്ച നടന്ന് ഒരുമാസം കഴിഞ്ഞിട്ടും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല. പ്രതികളെ കുറിച്ചുളള ചില വിവരങ്ങള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ ആദ്യഘട്ടത്തില്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ഇക്കാര്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല.