LiveTV

Live

Kerala

വെറും വാഗ്ദാനം മാത്രം; തിരുനെല്ലിയില്‍ ആദിവാസികള്‍ ഇന്നും പെരുവഴിയില്‍

മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവരുടെ വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നിറവേറിയില്ല

വെറും വാഗ്ദാനം മാത്രം; തിരുനെല്ലിയില്‍ ആദിവാസികള്‍ ഇന്നും പെരുവഴിയില്‍

വയനാട് തിരുനെല്ലിയില്‍ കഴിഞ്ഞ പ്രളയ കാലത്ത് തകര്‍ന്ന ആദിവാസി വീടുകള്‍ ഇനിയും പുനര്‍നിര്‍മ്മിച്ചില്ല. നിട്ടറയിലെ നാലു കുടുംബങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്. വീട് നിര്‍മ്മിക്കാനുള്ള ഫണ്ട് വക മാറ്റിയതായി ആരോപണമുണ്ട്.

കഴിഞ്ഞ പ്രളയ ദുരന്തത്തിൽ നിട്ടറ കോളനിയില്‍ അഞ്ച് വീടുകൾ പൂർണ്ണമായും മണ്ണിടിഞ്ഞ് തകരുകയും, പത്തോളം വീടുകൾ ഭാഗികമായി തകരുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവരുടെ വീടുകള്‍ പുനര്‍നിര്‍മ്മിച്ചു നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം നിറവേറിയില്ല. ഇതോടെ ആദിവാസി കുടുംബങ്ങൾ പെരുവഴിയിലായി. ഇവര്‍ക്ക് അനുയോജ്യമായ സ്ഥലം കണ്ടെത്താനോ വീടുകൾ അനുവദിക്കാനോ സർക്കാറും ട്രൈബൽ വകുപ്പും തയ്യാറാകുന്നില്ലന്നാണ് കോളനിക്കാർ പറയുന്നത്.

പ്രളയ ദുരിതാശ്വാസമായി മുഖ്യമന്ത്രിയുടെ പതിനായിരം രൂപയുടെ അടിയന്തിര സഹായവും ഇവിടെ പലര്‍ക്കും കിട്ടിയിട്ടില്ല. സഹായധന വിതരണത്തില്‍ കോളനിയില്‍ രാഷ്ട്രീയ വിവേചനം കാണിച്ചതായും ആരോപണമുണ്ട്. പ്രളയകെടുതിയിൽ പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് ഫണ്ട് വേറെ തന്നെ വകയിരുത്തിയിട്ടും ട്രൈബല്‍ വകുപ്പിന്‍റെ അനാസ്ഥയാണ് കാല താമസം വരുത്തിയതെന്നാണ് കോളനിവാസികള്‍ പറയുന്നത്.