LiveTV

Live

Kerala

വിദേശത്തുള്ളവര്‍ക്ക് കൊടുക്കാനെന്ന് പറഞ്ഞ് ഹല്‍വ തന്നയച്ചാലും ഇനി സൂക്ഷിക്കണം..!

രണ്ട് കിലോയോളം തൂക്കം വരുന്ന ഹല്‍വയുടെ പൊതി സംശയം തോന്നിയ ബന്ധുക്കള്‍ അഴിച്ച് പരിശോധിച്ചു. അപ്പോഴാണ് ഹല്‍വക്കുള്ളില്‍..

വിദേശത്തുള്ളവര്‍ക്ക് കൊടുക്കാനെന്ന് പറഞ്ഞ് ഹല്‍വ തന്നയച്ചാലും ഇനി സൂക്ഷിക്കണം..!

കോഴിക്കോട് താമരശേരിയില്‍ വിദേശത്തേക്ക് പോകുന്ന യുവാവിന്‍റെ കൈയില്‍, ഹല്‍വക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കൊടുത്തയക്കാന്‍ ശ്രമം. ഹല്‍വ കൊടുത്തയക്കാന്‍ ശ്രമിച്ച പുതുപ്പാടി സ്വദേശി മുനീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. ഇയാള്‍ നിരവധി കളവു കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

അബുദാബിയില്‍ ജോലി നോക്കുകയായിരുന്നു പുതുപ്പാടി സ്വദേശി അനീഷ്. അവധി കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് ബന്ധുവിന് കൈമാറാനായി മുനീഷ് ഹല്‍വയെത്തിച്ചത്. അബൂദാബിയില്‍ ജോലി ചെയ്യുന്ന ബന്ധുവായ ഷാനിദിന് നല്‍കണമെന്നായിരുന്നു നിര്‍ദേശം. രണ്ട് കിലോയോളം തൂക്കം വരുന്ന ഹല്‍വയുടെ പൊതി സംശയം തോന്നിയ ബന്ധുക്കള്‍ അഴിച്ച് പരിശോധിച്ചു. അപ്പോഴാണ് ഹല്‍വക്കുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് അനീഷ് ഹല്‍വ വീട്ടില്‍ ഏല്‍പ്പിച്ച് വിദേശത്തേക്ക് പോയി. നാട്ടുകാരും ബന്ധുക്കളും മുനീഷിനെ അടിവാരത്ത് വെച്ച് പിന്നീട് കണ്ടെത്തി. ഇവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. അനീഷിനെ കുടുക്കാനുള്ള നീക്കമാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഹല്‍വക്കുള്ളില്‍ നിന്നും 9.87 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു.