LiveTV

Live

Kerala

കോണ്‍ഗ്രസ് 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; നാലിടത്തെ പ്രഖ്യാപനം വൈകും 

വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇനി തീരുമാനിക്കാനുള്ളത്.

കോണ്‍ഗ്രസ് 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; നാലിടത്തെ പ്രഖ്യാപനം വൈകും 

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 16ൽ 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. വയനാട്, വടകര, ആലപ്പുഴ, ആറ്റിങ്ങൽ എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇനി തീരുമാനിക്കാനുള്ളത്.

കേരളത്തിൻറെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കാണ് സ്ഥാനാർഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 12 പേരുടെ പട്ടികയിൽ നാല് സിറ്റിംഗ് എം.പിമാരാണുള്ളത്. തിരുവനന്തപുരത്ത് ശശി തരൂരും കോഴിക്കോട് എം.കെ രാഘവനും പത്തനംതിട്ടയിൽ ആന്റോ ആൻറണിയും മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷും ഇത്തവണയും സ്ഥാനാർഥികളാകും.

എറണാകുളത്ത് സിറ്റിംഗ് എംപിയായ കെ.വി തോമസിന് പകരം ഹൈബി ഈഡൻ എം.എൽ.എയാണ് സ്ഥാനാർഥി. അവസാന ഘട്ടത്തിൽ മാറിമറിഞ്ഞാണ് രാജ്മോഹൻ ഉണ്ണിത്താന്റെ പേര് കാസർകോട് വന്നത്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് മത്സരിക്കും. കണ്ണൂരിൽ കെ. സുധാകരനും ചാലക്കുടിയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും ജനവിധി തേടും. ആലത്തൂരിൽ രമ്യ ഹരിദാസും പാലക്കാട് വി.കെ ശ്രീകണ്ഠനും തൃശൂരിൽ ടി.എൻ പ്രതാപനും ആണ് സ്ഥാനാർഥികൾ.

കേരളത്തിന് പുറമേ ഉത്തർപ്രദേശിലെ ഏഴും ഛത്തീസ്ഗഡിലെ അഞ്ചും അരുണാചൽപ്രദേശിലെ രണ്ടും ആൻഡമാൻ നിക്കോബാറിലെ ഒന്നും മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.