LiveTV

Live

Kerala

തലസ്ഥാനത്തെ അധോലോകത്തെ തകർക്കാൻ ‘ഓപ്പറേഷൻ ബോൾട്ടിനു’ തുടക്കമായി

ഗുണ്ടാ- ലഹരി സംഘങ്ങളെ പിടികൂടാൻ തിരുവനന്തപുരത്ത് പോലീസിന്റെ വ്യാപക പരിശോധന നടക്കുകയാണ്.

തലസ്ഥാനത്തെ അധോലോകത്തെ തകർക്കാൻ ‘ഓപ്പറേഷൻ ബോൾട്ടിനു’ തുടക്കമായി

തലസ്ഥാനത്തെ അധോലോകത്തെ തകർക്കാൻ ഓപ്പറേഷൻ ബോൾട്ടിനു തുടക്കമായി. ഗുണ്ടാ- ലഹരി സംഘങ്ങളെ പിടികൂടാൻ തിരുവനന്തപുരത്ത് പോലീസിന്റെ വ്യാപക പരിശോധന നടക്കുകയാണ്. ക്രിമിനൽ പശ്ചാത്തലമുള്ള നാൽപ്പതോളം പേരെ പൊലീസ് ചോദ്യം ചെയ്തു.

തുടർച്ചയായുണ്ടായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് തലസ്ഥാനത്തെ ഗുണ്ടാ - ലഹരി സംഘങ്ങളെ പിടികൂടാൻ ഓപ്പറേഷൻ ബോൾട്ടിനു പോലീസ് തുടക്കം കുറിച്ചത്. ഇന്നലെ രാത്രി സിറ്റി പോലീസ് കമ്മീഷണർ സ‍ഞ്ജയ് കുമാർ ഗുരുദിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി. ഗുണ്ടാ വിളയാട്ടം നടക്കുന്ന രഹസ്യ കേന്ദ്രങ്ങൾ, ലഹരിമരുന്ന് മാഫിയാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന.

ക്രിമിനൽ പശ്ചാത്തലമുള്ള ഇരുനൂറിലധികം ആളുകളുടെ വീട്ടിൽ റെയ്ഡ് നടത്തി. നേരത്തെ തയ്യാറാക്കിയ ക്രിമിനൽ പട്ടികയിലുള്ളവർ അതാത് സ്റ്റേഷനുകളിൽ ഹാജരാകണം. തുടർച്ചയായി ക്രിമിനൽ കേസുകളിൽ ഉൾപ്പെടുന്നർക്കെതിരെ കാപ്പ ചുമത്താൻ ഡി.ജി.പി നിർദ്ദേശം നൽകി. കൊടും കുറ്റവാളികളെ ജില്ല കടത്താനും പോലീസ് തിരുമാനിച്ചിട്ടുണ്ട്. കോവളത്തെയും കഴക്കൂട്ടത്തെയും മയക്കുമരുന്ന് ഇടനിലക്കാരെയും നിരീക്ഷിച്ച് വരികയാണ്.

പ്രാവച്ചമ്പലത്ത് നടന്ന പരിശോധനയിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്നത് കർശനമാക്കി. പൊലീസും, ആന്റി നാർകോട്ടിക്സ് സെല്ലും, ഷാഡോ ടീമും, സ്പെഷ്യൽ ബ്രാഞ്ചും സംയുക്തമായിട്ടാണ് റെയ്ഡ് നടത്തുന്നത് .എന്നാൽ ശ്രീവരാഹത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി അർജുനെ പിടികൂടാൻ പൊലീസിനു ഇതുവരെ കഴിഞ്ഞില്ല. പൊലീസ് സംവിധാനം പാളുകയാണെന്ന് ആരോപിച്ച് ബി.ജെ.പി ഫോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.