LiveTV

Live

Kerala

“കണ്ണും മനസ്സും നിറഞ്ഞൊഴുകിയ നിമിഷം”.. മീഡിയവണ്‍ ആദരം തനിക്ക് വേണ്ടി അമ്മ ഏറ്റുവാങ്ങിയതിനെ കുറിച്ച് ഗോപിനാഥ് മുതുകാട് 

കണ്ണും മനസ്സും നിറഞ്ഞൊഴുകിയ ആ നിമിഷത്തെ കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

“കണ്ണും മനസ്സും നിറഞ്ഞൊഴുകിയ നിമിഷം”.. മീഡിയവണ്‍ ആദരം തനിക്ക് വേണ്ടി അമ്മ ഏറ്റുവാങ്ങിയതിനെ കുറിച്ച് ഗോപിനാഥ് മുതുകാട് 

മലപ്പുറത്തിന്‍റെ അമ്പതാണ്ടിനോട് അനുബന്ധിച്ച് മീഡിയവണ്‍ ജില്ലയിലെ പ്രതിഭകളെ ആദരിച്ചപ്പോള്‍, തനിക്ക് വേണ്ടി അമ്മ പുരസ്കാരം ഏറ്റുവാങ്ങിയ അനുഭവം പങ്കുവെച്ച് മജിഷ്യന്‍ ഗോപിനാഥ് മുതുകാട്. കണ്ണും മനസ്സും നിറഞ്ഞൊഴുകിയ ആ നിമിഷത്തെ കുറിച്ചുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

"മലപ്പുറം ജില്ലയുടെ പിറവിയുടെ അമ്പതാം ആണ്ട് ആഘോഷിക്കുകയായിരുന്നു മീഡിയവണ്‍. അപ്രതീക്ഷിതമായി ആദരം ഏറ്റുവാങ്ങാന്‍ എനിക്ക് വിളി വന്നു. ഞാനവരോട് ചോദിച്ചു. ആ ആദരം ഏറ്റുവാങ്ങാന്‍ എന്‍റെ അമ്മയെ അനുവദിക്കുമോ എന്ന്. ആഗ്രഹത്തിന്‍റെ ആഴം അറിഞ്ഞ് അവര്‍ എനിക്ക് അനുവാദം തന്നു. അമ്മയോട് പറഞ്ഞപ്പോള്‍ എനിക്കതൊന്നും ഇഷ്ടമില്ല കുട്ട്യേ എന്നായിരുന്നു മറുപടി. ഈ ഇഷ്ടമില്ലായ്മകള്‍ എത്ര തവണ കേട്ടിരിക്കുന്നു. കുട്ടിക്കാലത്ത് അത്രമാത്രം ദാരിദ്ര്യത്തില്‍ കഴിയുന്ന കാലത്ത് ഞങ്ങളുടെ പാത്രത്തിലേക്ക് ഉള്ള കഞ്ഞി മുഴുവന്‍ കോരി ഒഴിക്കുമ്പോഴും, അമ്മയുടെ കിണ്ണത്തില്‍ ഒരു തുള്ളി പോലും വീഴാതിരിക്കുമ്പോഴും അമ്മ പറഞ്ഞിട്ടുണ്ട് എനിക്ക് കഞ്ഞി ഇഷ്ടമില്ല കുട്ട്യോളേ എന്ന്. ഓണത്തിന് ഞങ്ങള്‍ക്കെല്ലാം പുതിയ കുഞ്ഞുമുണ്ടും കുപ്പായവും വാങ്ങിത്തന്ന് അമ്മ പഴയൊരു മുണ്ടും ജാക്കറ്റുമിട്ട് നടക്കുമ്പോഴും പറയാറുണ്ട് എനിക്ക് പുതിയ തുണിയുടെ മണം ഇഷ്ടമില്ലെന്ന്. ഞങ്ങള്‍ക്ക് വേണ്ടി എത്രയെത്ര ഇഷ്ടമില്ലായ്മകള്‍ ഞങ്ങള്‍ കേട്ടിരിക്കുന്നു? മലപ്പുറത്തേക്ക് അമ്മ വന്നു. മീഡിയവണിലെ പ്രിയപ്പെട്ടവര്‍ അമ്മയെ വിശിഷ്ടാഥിതികള്‍ക്കൊപ്പം മുന്‍നിരയിലിരുത്തി. ആദരിക്കലിന്‍റെ ഊഴമാണ്. ആദരണീയനായ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അമ്മയെ ആദരിച്ചു. എല്ലാം മറന്ന് അമ്മ ചിരിച്ചു. കാണികള്‍ കയ്യടി കൊണ്ട് മൂടി. ഇങ്ങകലെ നിന്നുകൊണ്ട് ആ ദൃശ്യമെല്ലാം ഞാന്‍ സ്ക്രീനില്‍ കണ്ടു. സന്തോഷം കൊണ്ട് എന്‍റെ കണ്ണുകള്‍ നിറഞ്ഞു. എന്‍റെ കണ്ണിലും മനസ്സിലും ആദ്യ വിസ്മയം നിറച്ച അമ്മയ്ക്കുള്ള മകന്‍റെ സ്നേഹാദരം".

അമ്മയ്ക്കുള്ള ആദരം ... കണ്ണും മനസ്സും നിറഞ്ഞൊഴുകിയ നിമിഷം ...

Posted by Gopinath Muthukad on Friday, March 15, 2019