LiveTV

Live

Kerala

സോളാര്‍: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡന കേസ്

കോണ്‍ഗ്രസ് എം.എൽ.എമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അനിൽകുമാ‍ർ എന്നിവർക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു

സോളാര്‍: മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡന കേസ്

സോളാര്‍ കേസില്‍ കോണ്‍ഗ്രസിന്റെ മൂന്ന് എം.എല്‍.എമാര്‍ക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്തു. കോണ്‍ഗ്രസ് എം.എൽ.എമാരായ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി അനിൽകുമാ‍ർ എന്നിവർക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ ജനപ്രതിനിധികളുടെ കേസുകള്‍ പരിഗണിക്കുന്ന എറണാകുളത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. സോളാർ വ്യവസായം തുടങ്ങാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്.

ഹൈബി ഈഡനെതിരെ ബലാത്സംഗത്തിനാണ് കേസ്. അടൂർ പ്രകാശിനും എ.പി.അനിൽകുമാറിനുമെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യുവതി നല്‍കിയ പരാതിയില്‍ പറ‍ഞ്ഞിരുന്ന ഉമ്മൻചാണ്ടിക്കും കെ.സി വേണുഗോപാലിനുമെതിരെ ബലാത്സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. മറ്റ് നേതാക്കള്‍ക്കെതിരെ കേസെടുക്കാൻ കഴിയുമോയെന്ന് ക്രൈംബ്രാഞ്ച് അന്നുതന്നെ നിയമോപദേശം ചോദിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തെതന്നാണ് സൂചന.

കൊച്ചിയിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതിയിൽ ക്രൈം ബ്രാഞ്ച് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത സാഹചര്യത്തില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസിന് പോകേണ്ടി വരുമെങ്കിലും കടുത്ത നടപടികളിലേക്ക് പൊലീസ് ഉടനെ പോകാന്‍ സാധ്യത കുറവാണ്.

അതേസമയം വിവിധ പാ‍ർലമെന്‍റ് മണ്ഡലങ്ങളിൽ പരിഗണിക്കുന്ന എം.എൽ.എമാ‍ർക്കെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തത് കോണ്‍ഗ്രസിന് തിരിച്ചടിയായി. എന്നാല്‍ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥിരമായി സോളാര്‍ കേസ് ഉയര്‍ത്തിക്കൊണ്ട് വരുന്നത് പോലെ മാത്രമാണ് ഈ കേസെന്നുമാണ് പ്രതിപക്ഷത്തിന്‍റെ നിലപാട്. ഉമ്മന്‍ചാണ്ടിക്കും വേണുഗോപാലിനുമെതിരെ കേസെടുത്തുവെങ്കിലും അന്വേഷണം മുന്നോട്ട് പോകാത്തതും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.