LiveTV

Live

Kerala

രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തി 

കോൺഗ്രസ് അധികാരത്തിലെത്തിയാൽ കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് രാഹുല്‍ കുടുംബാംഗങ്ങളോട് പറഞ്ഞു.

രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തി 

കോൺഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാസർകോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകള്‍ സന്ദർശിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ കേസിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് രാഹുല്‍ കുടുംബാംഗങ്ങളോട് പറഞ്ഞു. കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ശുഹൈബിന്റെ കുടുംബാംഗങ്ങളുമായും രാഹുല്‍ കൂടിക്കാഴ്ച നടത്തി.

ഉച്ചക്ക് രണ്ടരയോടെയാണ് രാഹുൽ പെരിയ കല്ല്യോട്ടെത്തിയത്. ആദ്യം കൊല്ലപ്പെട്ട കൃപേഷിന്‍റെ വീട്ടില്‍ സന്ദർശനം നടത്തിയ രാഹുല്‍ കൃപേഷിന്‍റെ കുടുംബാംഗങ്ങളുമായി 10 മിനിറ്റോളം കൂടിക്കാഴ്ച നടത്തി. കൃപേഷിന്റെ പണി നടക്കുന്ന വീടിനകത്തും രാഹുല്‍‌ സന്ദർശനം നടത്തി. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നിരവധി പേർ രാഹുല്‍ ഗാന്ധിയെ കാണാന്‍ കല്ല്യോട്ട് എത്തിയിരുന്നു. ശേഷം ശരത് ലാലിന്റെ വീട് സന്ദർശിച്ച രാഹുല്‍ 10 മിനിറ്റോളം ശരത് ലാലിന്‍റെ വീട്ടിലും ചെലവഴിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണത്തിന് വേണ്ട എല്ലാ സഹായങ്ങളും നൽകുമെന്നും കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ കേസില്‍ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുമെന്നും ഇരു കുടുംബങ്ങള്‍ക്കും രാഹുല്‍ ഗാന്ധി ഉറപ്പ് നൽകി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് നീതി ലഭിക്കണമെന്ന് കൃപേഷിന്‍റെ വീട് സന്ദർശിച്ചതിന് ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു.

‍നേരത്തെ കണ്ണൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ ശുഹൈബിന്‍റെ കുടുംബാംഗങ്ങള്‍ രാഹുല്‍ ഗാന്ധിയെ കണ്ണൂര്‍ വിമാനത്താവളത്തില്‍ സന്ദർശിച്ചിരുന്നു. ശുഹൈബിന്‍റെ മാതാപിതാക്കളും സഹോദരങ്ങളും അടക്കമുള്ളവരാണ് കണ്ണൂർ വിമാനത്താവളത്തിലെ വി.ഐ.പി ലോഞ്ചില്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിനിടെ കാന്തപുരം എ.പി അബൂബക്കര്‍ മുസ്‍ല്യാരും കണ്ണൂർ വിമാനത്താവളത്തില്‍‌ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

തൃശൂർ തൃപ്രയാറിൽ ഫിഷർമെൻ പാർലമെന്റിൽ സംസാരിച്ച ശേഷമാണ് രാഹുല്‍ പെരിയയിലെത്തിയത്. വന്‍കിടക്കാരുടെ കടം എഴുതിത്തള്ളാന്‍ തയ്യാറാകുന്ന പ്രധാനമന്ത്രി, കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കടവും എഴുതിത്തള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. അധികാരത്തിലെത്തിയാല്‍ ഫിഷറീസ് മന്ത്രാലയം യാഥാര്‍ഥ്യമാക്കുമെന്നും രാഹുല്‍ പറഞ്ഞു.

കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസിന്റെ ജനാമഹാറാലിക്ക് ശേഷം രാത്രി രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് തിരിക്കും. ഇന്നലെ രാത്രി തൃശൂര്‍ രാമനിലയത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവരും എത്തിയിരുന്നു.