LiveTV

Live

Kerala

ലീഗ്-എസ്.ഡി.പി.ഐ നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തി; ദൃശ്യങ്ങള്‍ പുറത്ത്

എസ്.ഡി.പി.ഐ നേതാക്കളെ കണ്ടത് അവിചാരിതമായാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് എസ്.ഡി.പി.ഐ പ്രസിഡന്‍റ് മജീദ് ഫൈസി. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്തുപറയാനാകില്ലെന്നും..

ലീഗ്-എസ്.ഡി.പി.ഐ നേതാക്കള്‍ രഹസ്യ ചര്‍ച്ച നടത്തി; ദൃശ്യങ്ങള്‍ പുറത്ത്

മുസ്‍ലിം ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ - പോപ്പുലര്‍ ഫ്രണ്ട് അധ്യക്ഷന്‍മാരുമായി രഹസ്യ കൂടിക്കാഴ്ച നടത്തി. മലപ്പുറം കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലില്‍ ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ച നടത്തിയ വിവരം എസ്.ഡി.പി.ഐ അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസിയും ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും മീഡിയവണിനോട് സ്ഥിരീകരിച്ചു.

ഇന്നലെ രാത്രിയാണ് കൊണ്ടോട്ടിയിലെ ഹോട്ടലില്‍ രഹസ്യ കൂടിക്കാഴ്ച നടന്നത്. ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, എസ്.ഡി.പി.ഐ അധ്യക്ഷന്‍ പി. അബ്ദുല്‍ മജീദ് ഫൈസി, പോപ്പുലര്‍ഫ്രണ്ട് അധ്യക്ഷന്‍ നസ്റുദ്ദീന്‍ എളമരം എന്നിവരാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്.

എസ്.ഡി.പി.ഐ നേതാക്കളെ കണ്ടത് അവിചാരിതമായാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഇ.ടി പറഞ്ഞു. അതേസമയം ലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് എസ്.ഡി.പി.ഐ പ്രസിഡന്‍റ് മജീദ് ഫൈസി വ്യക്തമാക്കി. ലീഗ് നേതാക്കളെ യാദൃച്ഛികമായി കണ്ടതല്ല. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തില്ലെന്നും മജീദ് ഫൈസി പറഞ്ഞു.

പൊന്നാനിയില്‍ തോല്‍വി ഭയന്നാണ് ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് സി.പി.എം ആരോപിച്ചു.