വൃദ്ധനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ കാട്ടിലേക്ക് തിരിച്ചയച്ചു
കഴിഞ്ഞ ദിവസം രാവിലെ കാപ്പുംചാല്‍ സ്വദേശി രാഘവനെ കൊലപ്പെടുത്തിയ ശേഷം ജനവാസ മേഖലയില്‍ തന്നെ നിലയുറപ്പിച്ച കൊമ്പനെയാണ് വനം വകുപ്പ് സാഹസികമായി കാട്ടിലേക്ക് തിരിച്ചയച്ചത്.

വയനാട് പനമരം കാപ്പുംചാലിൽ വൃദ്ധനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയെ വനം വകുപ്പ് അധികൃതര്‍ കാട്ടിലേക്ക് തിരിച്ചയച്ചു. 10 മണിക്കൂറിലധികം നീണ്ട ദൌത്യത്തിനൊടുവില്‍ രണ്ട് കുങ്കിയാനകളുടെ സഹായത്തോടെ വൈകീട്ട് ഏഴരയോടെയാണ് ആനയെ തുരത്തിയത്.
കഴിഞ്ഞ ദിവസം രാവിലെ കാപ്പുംചാല്‍ സ്വദേശി രാഘവനെ കൊലപ്പെടുത്തിയ ശേഷം ജനവാസ മേഖലയില്‍ തന്നെ നിലയുറപ്പിച്ച കൊമ്പനെയാണ് വനം വകുപ്പ് സാഹസികമായി കാട്ടിലേക്ക് തിരിച്ചയച്ചത്. ആദ്യം ആനയെ തുരത്താന്‍ ശ്രമിച്ച നാല് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് മുത്തങ്ങയില്‍ നിന്നെത്തിച്ച പ്രമുഖ, നീലകണ്ഠന് എന്നീ കുങ്കിയാനകളുടെ സഹായത്തോടെ നാലു കിലോമീറ്റര്‍ ദൂരെ കാട്ടിലേക്ക് കയറ്റിവിട്ടു. വൈകിട്ട് 5 മണിയോടെയാണ് പടക്കം പൊട്ടിച്ചും ശബ്ദമുണ്ടാക്കിയും ആനയെ തുരത്താനുള്ള ശ്രമം പുനരാരംഭിച്ചത്.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി കാപ്പും ചാല് വില്ലേജിലെ അഞ്ചിടങ്ങളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. അനിവാര്യമെങ്കില്‍ മയക്കു വെടി വയ്ക്കാന്‍ ഡോക്ടര്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം സ്ഥലത്തെത്തിയിരുന്നു. പ്രദേശത്തെ രണ്ടു പ്രധാന പാതകളില്‍ ഭാഗികമായി ഗതാഗതവും നിയന്ത്രിച്ചു. സബ്കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍.ടി സാജന്, ഡി.എഫ്.ഒ ആര് കീര്‍ത്തി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാഘവന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.