LiveTV

Live

Kerala

എറണാകുളത്തും ചാലക്കുടിയിലും ആലപ്പുഴയും സ്ഥാനാര്‍ഥി പ്രഖ്യാനത്തിന് മുന്‍പേ ചുവരെഴുത്ത്

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് എറണാകുളം, ചാലക്കുടി, ആലപ്പുഴ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

എറണാകുളത്തും ചാലക്കുടിയിലും ആലപ്പുഴയും സ്ഥാനാര്‍ഥി പ്രഖ്യാനത്തിന് മുന്‍പേ ചുവരെഴുത്ത്

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാത്ത് നില്‍ക്കാതെ നേതാക്കള്‍ക്ക് വേണ്ടി ചുവരെഴുത്ത് തുടങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എറണാകുളത്ത് കെ.വി തോമസിന് വേണ്ടിയും ചാലക്കുടിയില്‍ ബെന്നി ബെഹനാന് വേണ്ടിയുമാണ് ചുവരെഴുത്ത്. ആലപ്പുഴയില്‍ പ്രത്യക്ഷപ്പെട്ടതാകട്ടെ അടൂര്‍ പ്രകാശിനായുള്ള പോസ്റ്ററുകളും.

സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചൂടുപിടിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് എറണാകുളം, ചാലക്കുടി, ആലപ്പുഴ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. എറണാകുളത്ത് നിലവിലെ എം.പി കെ.വി തോമസിന്റെയും എം.എല്‍.എ ഹൈബി ഈഡന്റെയും പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നതിനിടെയാണ് കെ.വി തോമസിന് വേണ്ടി ചെറായില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കൂടാതെ മണ്ഡലത്തിലാകെ തോമസ് മാഷിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചുള്ള കൂറ്റന്‍ ബോര്‍ഡുകളും സ്ഥാപിച്ചുകഴിഞ്ഞു. ചാലക്കുടി മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന് കൂടുതല്‍ സാധ്യതയുള്ള മണ്ഡലത്തില്‍ ഇതിനോടകം പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

എന്നാല്‍ ചുവരെഴുത്തിനെക്കുറിച്ച് അറിയില്ലെന്നാണ് എറണാകുളം ഡി.സി.സിയുടെ വിശദീകരണം. സ്ഥാനാർഥിയാവാൻ ഇല്ലെന്ന് കെ.സി വേണുഗോപാൽ പറഞ്ഞതിന് ശേഷം നിരവധി നേതാക്കളുടെ പേരുകളാണ് ആലപ്പുഴ മണ്ഡലത്തില്‍ പരിഗണനക്ക് വരുന്നത്. ഇതിനിടെയാണ് അടൂർ പ്രകാശിന് വോട്ട് അഭ്യർഥിക്കുന്ന പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടത്.