LiveTV

Live

Kerala

അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.ബാബുവിന്‍റെ ഹരജി തള്ളി 

വിജിലന്‍സ് കോടതി നടപടിക്കെതിരെ ബാബു ഹൈക്കോടതിയെ സമീപിക്കും.

 അനധികൃത സ്വത്ത് സമ്പാദന കേസ്: കെ.ബാബുവിന്‍റെ ഹരജി തള്ളി 

അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍ മന്ത്രി കെ.ബാബുവിന്റെ ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. മന്ത്രിയായിരുന്ന കാലത്തെ ടി.എയും ഡി.എയും ഉള്‍പ്പടെയുള്ള ആനുകൂല്യം കണക്കാക്കാതെയാണ് വിജിലന്‍സ് കുറ്റപത്രമെന്നായിരുന്നു ബാബുവിന്റെ വാദം. ഹരജി തള്ളിയതോടെ കെ.ബാബു വിചാരണ നേരിടേണ്ടിവരും.

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ മന്ത്രി കെ.ബാബു വിചാരണ നേരിടണമെന്നാണ് വിജിലൻസ് കോടതിയുടെ നിര്‍ദേശം. പ്രഥമദൃഷ്ട്യാ 43 ശതമാനം അധികസ്വത്ത് ഉണ്ടെന്ന വിജിലന്‍സിന്‍റെ കണ്ടെത്തല്‍ തള്ളിക്കളയാനാവില്ലെന്ന് കോടതി വ്യക്തമാക്കി. എം.എല്‍.എയും മന്ത്രിയുമായിരുന്ന കാലത്ത് ലഭിച്ച ആനുകൂല്യങ്ങള്‍ കണക്കാക്കാതെയായിരുന്നു വിജിലന്‍സ് കുറ്റപത്രം തയാറാക്കിയതെന്ന ബാബുവിന്റെ വാദം കോടതി തള്ളി.

2001 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബാബു അനധികൃതമായി 28 ലക്ഷം സമ്പാദിച്ചെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുന്‍പ് തന്റെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബാബു നേരത്തെ പരാതി നല്‍കിയിരുന്നു. ഇത് പ്രകാരം ബാബുവിന്റെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. വിജിലന്‍സ് കോടതി ഉത്തരവിനെതിരെ കെ.ബാബു ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.