LiveTV

Live

Kerala

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

പനമരം കാപ്പുഞ്ചാൽ ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ (74) ആണ് മരിച്ചത്. 

 വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു

വയനാട് പനമരം കാപ്പുംചാലിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാള്‍ മരിച്ചു. കാപ്പുഞ്ചാൽ ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവൻ ആണ് മരിച്ചത്. ആനയെ തുരത്താൻ ശ്രമിച്ച നാല് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് ചെറുകോട്ടൂർ വില്ലേജിൽ അഞ്ചിടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

രാവിലെ 7 മണിക്ക് പാൽ വിൽപന കഴിഞ്ഞ് തിരിച്ചു വരുമ്പോൾ കാപ്പുഞ്ചാലിന് സമീപം വെച്ചാണ് ആറുമൊട്ടംകുന്ന് കാളിയാർ തോട്ടത്തിൽ രാഘവനെ കാട്ടാന ആക്രമിച്ചത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 74 വയസായിരുന്നു. പനമരം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ സുരേഷിന്റെ പിതാവാണ് മരിച്ച രാഘവൻ. ആനയെ തുരത്താൻ ശ്രമിച്ച നാല് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവർ പനമരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ജനവാസ മേഖലയോട് ചേർന്ന് തന്നെ കൊമ്പൻ നിലയുറപ്പിച്ചതിനാൽ പനമരം പഞ്ചായത്തിലെ ചെറുകാട്ടൂർ വില്ലേജിലെ കൈതക്കൽ, കാപ്പുംചാൽ, കൂളിവയൽ, കൊയ്ലേരി, ആറുവട്ടം കുന്ന് എന്നിവിടങ്ങളിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനായി വയനാട്ടിലെ മൂന്ന് ഫോറസ്റ്റ് ഡിവിഷനുകളും തീവ്ര ശ്രമം ആരംഭിച്ചു. ജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചതെന്ന് ഡി.എഫ്.ഒ അറിയിച്ചു. കാട്ടാനയെ മയക്കുവെടി വച്ച് റേഡിയൊ കോളർ ധരിപ്പിച്ച് കാട്ടിലേക്കയക്കാൻ വനം മന്ത്രി നിർദേശം നൽകി. മരിച്ച രാഘവനും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകാനും വനം മന്ത്രി നിർദേശം നൽകി. ജില്ലയിലെ വനം വകുപ്പുദ്യോഗസ്ഥരെ വിളിച്ചാണ് മന്ത്രി നിർദേശം നൽകിയത്. ഫോറസ്റ്റ് സർജൻ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി.