LiveTV

Live

Kerala

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം; തിരക്കിട്ട് ചർച്ചകളുമായി കോൺഗ്രസ് നേതാക്കൾ,15ന് വീണ്ടും സ്ക്രീനിംഗ് കമ്മറ്റി  

വെള്ളിയാഴ്ച ചേരുന്ന സ്ക്രീനിംഗ് കമ്മറ്റിയിൽ അന്തിമ പട്ടിക ഉണ്ടാക്കി അടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് നീക്കം. മുതിർന്ന നേതാക്കളുടെ സ്ഥാനാർത്ഥിത്വമാണ് ചർച്ച നീളാൻ മുഖ്യകാരണം. 

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം; തിരക്കിട്ട് ചർച്ചകളുമായി കോൺഗ്രസ് നേതാക്കൾ,15ന് വീണ്ടും സ്ക്രീനിംഗ് കമ്മറ്റി  

സ്ഥാനാര്‍ഥി പ്രഖ്യാപനം വേഗത്തിലാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. വെള്ളിയാഴ്ച ചേരുന്ന സ്ക്രീനിംഗ് കമ്മറ്റിയിൽ അന്തിമ പട്ടിക ഉണ്ടാക്കി അടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താനാണ് നീക്കം. മുതിർന്ന നേതാക്കളുടെ സ്ഥാനാർത്ഥിത്വമാണ് ചർച്ച നീളാൻ മുഖ്യകാരണം. സിറ്റിംഗ് എം.പിമാരിൽ ചിലർക്കെതിരെ ഉയർന്ന എതിർപ്പും തടസ്സമായി. രാഹുല്‍ ‌ഗാന്ധിയുടേതായിരിക്കും അന്തിമ തീരുമാനം.

മുതിർന്ന നേതാക്കൾ മത്സരിക്കണം എന്നതാണ് പൊതു വികാരം. പക്ഷെ വഴങ്ങാൻ നേതാക്കൾ തയ്യാറല്ല. കെ.സി വേണുഗോപാൽ മത്സരിക്കേണ്ട എന്ന നിലപാട് ഹൈക്കമാന്‍ഡ് സ്വീകരിക്കാൻ ആണ് സാധ്യത. മൽസരിക്കാനില്ലെന്ന കർക്കശ നിലപാടിൽ ആണ് മുല്ലപ്പള്ളി രാമചന്ദ്രൻ. മത്സരിക്കാൻ താൽപര്യമില്ലെന്ന് ഉമ്മൻ ചാണ്ടി സ്ക്രീനിംഗ് കമ്മറ്റിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാന്‍ഡ് നിർബന്ധിച്ചാൽ സമ്മതിച്ചേക്കും. മത്സരിക്കാൻ പത്തനംതിട്ട തെരഞ്ഞെടുത്താൽ ഇടുക്കി ആന്റോ ആന്റണിക്ക്‌ ലഭിക്കും. സിറ്റിംഗ് എം.പിമാർക്കെതിരായ എതിർപ്പാണ് മറ്റൊരു പ്രശ്നം . കെ.വി തോമസിനെ മത്സരിപ്പിക്കുന്നതിലായിരുന്നു ശക്തമായ എതിര്‍പ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം സീറ്റുകളുടെ കാര്യത്തിൽ സ്ക്രീനിംഗ് കമ്മറ്റി തീരുമാനം എടുക്കാൻ ഇടയില്ല.

ബാക്കി മണ്ഡലങ്ങളുടെ കാര്യത്തിലെ അന്തിമ ധാരണക്കൊപ്പം തീരുമാനം രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേരുന്ന തെരഞ്ഞെടുപ്പ് സമിതിക്ക് വിടും. ബുധനാഴ്ച രാഹുൽ ഗാന്ധി കേരളത്തിൽ എത്തുമ്പോൾ അനോദ്യോഗിക ചർച്ചകൾ നടക്കും. ഇത് സ്ക്രീനിംഗ് കമ്മറ്റി ചർച്ചകൾ സുഗമമാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.