LiveTV

Live

Kerala

ശബരിമല പ്രചാരണ വിഷയമാക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ക്രിമിനൽ കേസിലെ പ്രതികളായ സ്ഥാനാർത്ഥികൾ മാധ്യമങ്ങൾ വഴി മൂന്നു തവണ പരസ്യപ്പെടുത്തണമെന്നും ടിക്ക റാം മീണ അറിയിച്ചു.

ശബരിമല പ്രചാരണ വിഷയമാക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ലോക്സഭ തെരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസർ. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തും. ക്രിമിനൽ കേസില്‍ പ്രതികളായ സ്ഥാനാർഥികൾ മാധ്യമങ്ങൾ വഴി മൂന്ന് തവണ പരസ്യപ്പെടുത്തണമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്ക റാം മീണ അറിയിച്ചു.

ശബരിമലയിലെ സുപ്രീംകോടതി വിധി വളച്ചൊടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചാരണ ആയുധമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുമായി കമ്മീഷൻ ചർച്ച നടത്തുന്നുണ്ട്. ശബരിമല പ്രചാരണ വിഷയമാക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരിക എന്നതാണ് ഇതിലെ പ്രധാന അജണ്ട എന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്ക രാം മീണ പറഞ്ഞു. ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട സ്ഥാനാർഥികൾ അത് മറച്ച് വച്ചാൽ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് മൊത്തം രണ്ട് കോടി 54 ലക്ഷം വോട്ടർമാരാണുള്ളത്. 119 ട്രാൻസ് ജെൻഡർ വോട്ടർമാരുണ്ട്. 700ലധികം പ്രശ്നബാധിത ബൂത്തുകൾ ഉണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അതേസമയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലക്സ് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പരിസ്ഥിതി സൗഹാർദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ. തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ഇറക്കിയ ഉത്തരവ് സംസ്ഥാനത്ത് ബാധകമാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.