LiveTV

Live

Kerala

പൊന്നാനിയിലെ ലീഗ് - കോണ്‍ഗ്രസ് പ്രശ്നം പരിഹരിച്ചെന്ന് കുഞ്ഞാലിക്കുട്ടിയും ഇ.ടിയും 

പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി അനുഗ്രഹം വാങ്ങിയാണ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്

പൊന്നാനിയിലെ ലീഗ് - കോണ്‍ഗ്രസ് പ്രശ്നം പരിഹരിച്ചെന്ന് കുഞ്ഞാലിക്കുട്ടിയും ഇ.ടിയും 

മുസ്‍ലിം ലീഗ് സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമായി. ഇ.ടി മുഹമ്മദ് ബഷീറും പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി തങ്ങളുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. പൊന്നാനിയിൽ മുന്നണി പ്രശ്നങ്ങളില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

രാവിലെ ഒമ്പത് മണിയോടെ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിലെത്തി അനുഗ്രഹം വാങ്ങിയാണ് പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ടത്. ഇരുവരും ഹൈദരലി തങ്ങളുമായി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്തു. പൊന്നാനി മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം പ്രധാന ചർച്ചയായി. മലപ്പുറം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സംബന്ധിച്ച് നാളെ ഡി.സി.സി ഓഫീസിൽ യോഗം ചേരും.

പൊന്നാനിയിൽ യു.ഡി.എഫിനുള്ളിൽ പ്രശ്നങ്ങളില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. പൊന്നാനിയിലെ ലീഗ് - കോൺഗ്രസ് പ്രശ്നങ്ങൾ പരിഹരിച്ചുവെന്നും മികച്ച ഭൂരിപക്ഷം നേടുമെന്നും ഇ.ടി മുഹമ്മദ് ബഷീറും പ്രതികരിച്ചു. പൊന്നാനിയിലെ പ്രചാരണ പരിപാടികളില്‍ ഇ.ടി മുഹമ്മദ് ബഷീറിനൊപ്പം കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.

Also read: പല്ല് പോയ സിംഹങ്ങളെ മത്സരിപ്പിക്കാനാണ് ലീഗിന് താത്പര്യമെന്ന് ജലീല്‍; മറുപടിയുമായി കുഞ്ഞാലിക്കുട്ടി